പത്തനംതിട്ടയ്ക്ക് കലാകിരീടം
കോഴഞ്ചേരി : നാലു ദിനങ്ങളിലായി കോഴഞ്ചേരിയിൽ നടന്ന റവന്യു ജില്ലാ കലോത്സവത്തിൽ പത്തനംതിട്ട സബ് ജില്ല ഓവറാൾ കിരീടം ചൂടി. ഇന്നലെ രാത്രിയോടെ മത്സരം അവസാനിക്കാറാകുമ്പോൾ 890 പോയിന്റോടെ പത്തനംതിട്ട സബ്ജില്ല വിജയകിരീടം ചൂടി . 818 പോയിന്റുമായി തിരുവല്ല സബ്ജില്ല രണ്ടാം സ്ഥാനത്തെത്തി . 807 പോയിന്റോടെ കോന്നിയും 745 പോയിന്റോടെ അടൂർ സബ്‌ജില്ലയും മൂന്നും നാലും സ്ഥാനങ്ങളിലെത്തി. 516 പോയിന്റ് നേടി മിന്നുന്ന പ്രകടനത്തോടെ എസ് വി ജി വി എച്ച് എസ് എസ് കിടങ്ങന്നൂർ സ്‌കൂളുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി . 273 പോയിന്റോടെ സെന്റ് ബഹന്നാൻസ് എച്ച് എസ് എസ് വെണ്ണിക്കുളം രണ്ടാം സ്ഥാനത്തുമെത്തി .രാത്രി ഏറെ വൈകിയും ഹയർസെക്കന്ററി വിഭാഗം കുച്ചിപ്പുടി മത്സരം തുടർന്നു. വൈകുന്നേരം നടന്ന ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരത്തിന് ശേഷം വിധി നിർണയത്തെ ചൊല്ലി മത്സരാർത്ഥികൾ വിധികർത്താക്കളുമായി തർക്കിച്ചത് അൽപനേരം മത്സരങ്ങൾ തടസപ്പെടുന്നതിന് കാരണമായി. പിന്നീട് അദ്ധ്യാപകർ ഇടപെട്ട് മത്സരാർത്ഥികളെ അനുനയിപ്പിച്ചു.