ക്രൂഡോയിൽ വിപണിയിൽ സമവാക്യങ്ങൾ മാറുന്നു

Saturday 29 November 2025 12:12 AM IST

കൊച്ചി: ഭൗമ രാഷ്‌ട്രീയ അനിശ്ചിത്വങ്ങളും റഷ്യൻ എണ്ണയ്ക്ക് മേലുള്ള ഉപരോധവും അവഗണിച്ച് ആഗോള ക്രൂഡോയിൽ വിപണിയിൽ വില സമ്മർദ്ദം രൂക്ഷമാകുന്നു. ഏഷ്യൻ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 62 ഡോളറിനടുത്തും അമേരിക്കൻ ഡബ്‌ള്യു.ടി.ഐ എണ്ണയുടെ വില 58 ഡോളറിൽ താഴെയുമാണ് വ്യാപാരം നടക്കുന്നത്. ജനുവരിയ്ക്ക് ശേഷം വിലയിൽ 20 ശതമാനത്തിലധികം ഇടിവാണുണ്ടായത്.

ഉത്പാദന വർദ്ധന തിരിച്ചടി ലോകത്തിന് ആവശ്യമുള്ളതിലധികം എണ്ണ ഇപ്പോൾ വിപണിയിലെത്തുന്നതാണ് വിലയിടിവിന് കാരണം. റഷ്യൻ എണ്ണയ്ക്ക് ഉപരോധമുണ്ടായപ്പോൾ മറ്റു രാജ്യങ്ങൾ ഉത്പാദനം ഉയർത്തിയതും ഉപഭോഗത്തിലെ ഇടിവും വില ഇടിച്ചു. പ്രധാന എണ്ണ ഉത്പാദകരായ ഒപ്പെക്കും അമേരിക്ക, ബ്രസീൽ, ഗയാന തുടങ്ങിയ രാജ്യങ്ങളും അധിക എണ്ണ വിപണിയിലെത്തിക്കുന്നു. നേരത്തെ എണ്ണ വില കുറയുമ്പോൾ ഉത്പാദനം നിയന്ത്രിക്കുന്ന തന്ത്രമാണ് ഒപ്പെക്ക് സ്വീകരിച്ചിരുന്നത്. അതിനാൽ വിപണിയുടെ നിയന്ത്രണം അവർക്കായിരുന്നു.

ഒപ്പെക്കിന്റെ സ്വാധീനം കുറയുന്നു

ബ്രസീലും ഗയാനയും അമേരിക്കയുമടക്കമുള്ള രാജ്യങ്ങൾ വിപണി വികസിപ്പിച്ചതോടെ ഒപ്പെക്കിന്റെ മേധാവിത്വം നഷ്‌ടമാകുകയാണ്. വിപണി നിയന്ത്രണം നിലനിറുത്താൻ ഉത്‌പാദനം ഉയർത്താൻ ഒപ്പെക് രാജ്യങ്ങൾ നിർബന്ധിതരായതോടെ എണ്ണ ലഭ്യത കൂടി. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകർ അമേരിക്കയാണ്. റഷ്യൻ എണ്ണയുടെ ഉപരോധത്തിലെ പ്രതിസന്ധി നേരിടാനായതും അമേരിക്കയുടെ വിപണി പ്രവേശനം മൂലമാണ്. ഏകദേശം 138 ലക്ഷം ബാരലാണ് അമേരിക്കയുടെ പ്രതിദിന എണ്ണ ഉത്പാദനം.

ഉപഭോഗം കുറയുന്നു എണ്ണയുടെ ഉപഭോഗ വളർച്ച മന്ദഗതിയിലാണ്. ഇന്റർനാഷണൽ എനർജി ഏജൻസിയുടെ കണക്കനുസരിച്ച് ഉപഭോഗ ഇടിവ് വരും വർഷങ്ങളിൽ ശക്തമാകും. വ്യാവസായിക മാന്ദ്യം, ചരക്കു നീക്കത്തിലെ ഇടിവ്, വൈദ്യുത വാഹനങ്ങളുടെ വളർച്ച എന്നിവയാണ് ഇതിനു പിന്നിൽ.

ഇന്ത്യയ്ക്ക് അനുകൂല സാഹചര്യം

എണ്ണ വിപണിയിലെ ചലനങ്ങൾ ഇന്ത്യയിലെ ചെറുകിട ഉപഭോക്താക്കൾ ഗൗനിക്കാറില്ല. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ അതിനനുസരിച്ച് മാറ്റമുണ്ടാവാത്തതാണ് കാരണം. എന്നാൽ ലോകത്തിലെ രണ്ടാമത്തെ ക്രൂഡോയിൽ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് വിലയിലെ ഇടിവ് ഏറെ ആശ്വാസമാണ്. നമുക്കാവശ്യമായ എണ്ണയുടെ 87.89 ശതമാനവും ഇറക്കുമതിയിലൂടെയാണ് എത്തുന്നത്. മൊത്തം ഇറക്കുമതി ചെലവിന്റെ 25 ശതമാനത്തിനടുത്താണിത്. എണ്ണ വില താഴുമ്പോൾ ഇറക്കുമതി ചെലവ് കുറയുന്നതിനാൽ പണപ്പെരുപ്പം നിയന്ത്രിക്കാനാകും. രാജ്യത്തെ വ്യാപാര കമ്മി കുറയാനും രൂപയുടെ സ്ഥിരത ഉറപ്പു വരുത്താനും ഇതിലൂടെ കഴിയും.

(ജിയോജിത് ഇൻവെസ്‌റ്റ്‌മെന്റ്സിന്റെ കമ്മോഡിറ്റീസ് വിഭാഗം മേധാവിയാണ് ലേഖകൻ)