വിമത സ്ഥാനാർത്ഥികളെ പുറത്താക്കിയ നടപടിയിൽ കോൺഗ്രസിൽ പോര്
മണ്ണാർക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് നഗരസഭയിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ സ്വതന്ത്രരായി മത്സരിക്കുന്ന രണ്ടുപേരെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയ സംഭവത്തിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം. ഡി.സി.സി ജനറൽ സെക്രട്ടറി പി.ആർ.സുരേഷും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാടുമാണ് നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. തിരഞ്ഞെടുപ്പിൽ 16ാം വാർഡായ തോരാപുരത്ത് പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥി സതീശൻ താഴത്തേതിലിനെതിരെ മത്സരിക്കുന്ന അജേഷ് തോരാപുരത്തേയും വാർഡ് ഏഴ് അരകുർശ്ശിയിലെ സ്ഥാനാർത്ഥി സായി രാജനെതിരെ മത്സരിക്കുന്ന ഗുരുവായൂരപ്പനേയുമാണ് പാർട്ടിയിൽനിന്നും കഴിഞ്ഞദിവസം പുറത്താക്കിയത്. പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥികൾ രണ്ടുപേരും ഡി.സി.സി പ്രസിഡന്റിന് രേഖാമൂലം പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ പ്രസിഡന്റ് നിർദേശിച്ചിരുന്നതായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് പറഞ്ഞു. പാർട്ടിയുടെ പേരിൽ സൗഹൃദ മത്സരം എന്നൊന്നില്ല. പുറത്താക്കുന്നത് മനപ്പൂർവ്വമോ അവർ പാർട്ടിക്ക് അപ്രിയരായതു കൊണ്ടോ അല്ല. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം വിമത സ്ഥാനാർത്ഥിത്വം പാർട്ടി വിരുദ്ധമാണ്. മുൻപ് നടന്ന ചർച്ചയിൽ അജേഷിന്റെ പേര് ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിലും അതംഗീകരിക്കപ്പെട്ടില്ല. പാർട്ടിയിൽ ആരേയും പരിഗണിക്കാതിരുന്നിട്ടില്ല. കോൺഗ്രസിൽ എല്ലാവരും ജനകീയരാണെന്നും അസീസ് ഭീമനാട് പറഞ്ഞു.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന കാരണത്താൽ ദളിത് പ്രവർത്തകനായ പാർട്ടി പ്രവർത്തകനുൾപ്പെടെ രണ്ടുപേരെ പുറത്താക്കിയത് സങ്കടകരമായ കാര്യമാണെന്നും അംഗീകരിക്കാനാവില്ലെന്നും ഡി.സി.സി സെക്രട്ടറി പി.ആർ.സുരേഷ് പ്രതികരിച്ചു. പിന്നോക്കം നിൽക്കുന്നവന്റെയും ദളിത് വിഭാഗങ്ങളുടെയും ആശ്രയമായ കോൺഗ്രസ് പാർട്ടിയിൽ നിന്നാണ് ഇവർക്ക് പുറത്തു പോകേണ്ടിവന്നത്. തിരഞ്ഞെടുപ്പിൽ പലർക്കും മത്സരിക്കണമെന്ന് ആഗ്രഹമുണ്ടാകും. അതെല്ലാം ചർച്ചകളിലൂടെ പരിഹരിച്ചാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നത്. ചില അസ്വാരസ്യങ്ങളുണ്ടായെങ്കിലും എല്ലായിടത്തും പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു. തോരാപുരം വാർഡിലേക്ക് അജേഷിന്റെ പേര് തിരഞ്ഞെടുപ്പ് കോർകമ്മിറ്റിയിയുടെപ്രഥമ പരിഗണനയിൽവന്നിരുന്നു. അതേസമയം, ബ്ലോക്ക് പ്രസിഡന്റ് സതീശൻ താഴത്തേതിലിനെ പരിഗണിക്കണമെന്ന് നിർദേശിച്ചിരുന്നു. സൗഹൃദ മത്സരം തോരാപുരത്ത് നടക്കെട്ടെ എന്നായിരുന്നു ഇതിനുള്ള പരിഹാരമായികണ്ടത്. മുൻപും അത്തരം സൗഹൃദമത്സരം നടന്നിട്ടുണ്ട്. എന്നാൽ അവരെയാരും പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടുമില്ല. പ്രത്യേകിച്ചും ദളിത് വിഭാഗത്തിൽപ്പെട്ട യുവാവിനെ പുറത്താക്കിയത് രാഷ്ട്രീയമര്യാദയുടെ ഭാഗമല്ല. ഇത്തരം നീക്കം ആത്മഹത്യാപരമാണെന്നും പി.ആർ.സുരേഷ് പറഞ്ഞു.