ബാങ്കിംഗ് വിവരങ്ങൾ ചോർത്തും 'ബ്ലാക്ക് സ്ക്രീൻ', സൈബർ തട്ടിപ്പിന് പുതിയ രീതി
തിരുവനന്തപുരം: 'വ്യാജ സ്ക്രീൻ', 'ബ്ലാക്ക് സ്ക്രീൻ'. മൊബൈൽ ഫോണിൽ ഇവ പ്രത്യക്ഷപ്പെടുത്തി ബാങ്കിംഗ് വിവരങ്ങൾ ചോർത്തി തട്ടിപ്പിന് ഉപയോഗിക്കുന്ന പുതിയ രീതി. യൂറോപ്പിലെ വിവിധയിടങ്ങളിൽ ആൻഡ്രോയ്ഡ് ഫോണുകളിൽ കടന്നുകയറി തട്ടിപ്പ് നടത്തുന്ന മാൽവെയർ (അപകടകാരിയായ വൈറസ്) ഇന്ത്യയിലേക്കും എത്തുമെന്ന് മുന്നറിയിപ്പ്. 'സ്റ്റേർണസ്' എന്നാണ് ഈ മാൽവെയറിന്റെ വിളിപ്പേര്.
ബാങ്കിംഗ് ആപ്പുകൾ തുറക്കുമ്പോൾ അതിനു മുകളിലൊരു വ്യാജ സ്ക്രീൻ പ്രത്യക്ഷപ്പെടുത്തിയാണ് മാൽവെയറിന്റെ പ്രവർത്തനം. പിൻനമ്പർ അടക്കം നൽകുമ്പോൾ വിവരങ്ങൾ ചോർത്തും. ഫോൺ അൺലോക്ക് ചെയ്യുമ്പോൾ ബ്ളാക്ക് സ്ക്രീനാണ് പ്രത്യക്ഷപ്പെടുന്നതെങ്കിൽ അതും ഇതിന്റെ പ്രവർത്തനം മൂലമാണ്. ആ സമയം ബാങ്കിംഗ് വിവരങ്ങളടക്കം തട്ടിപ്പുകാരുടെ പക്കലെത്തും.
ടെലഗ്രാം, വാട്സാപ്പ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ അയയ്ക്കുന്ന സന്ദേശങ്ങളിലൂടെ കടന്നുകയറിയും ബാങ്കിംഗ് വിവരങ്ങൾ ചോർത്തും. ആംസ്റ്റർഡാം ആസ്ഥാനമായുള്ള സൈബർ സെക്യൂരിറ്റി സ്ഥാപനമായ ത്രെട്ട് ഫാബ്രിക്കാണ് മുന്നറിയിപ്പ് നൽകിയത്. പ്ലേസ്റ്റോറിൽ ഗൂഗിൾ ക്രോം പോലുള്ള ആപ്പുകളുടെ വ്യാജരൂപത്തിലാവും മാൽവെയർ എത്തുന്നത്. ചില സൈറ്റുകൾ ലോഗിൻ ചെയ്യുമ്പോൾ സ്വമേധയാ ഫോണിലേക്കും പ്രവേശിക്കും.
കയറിപ്പറ്റിയാൽ
മാറ്റാനാകില്ല
ഫോണിൽ പ്രവേശിച്ച മാൽവെയർ പെട്ടെന്ന് മാറ്റാനാകില്ല. അതിന് സാങ്കേതിക വിദഗ്ദ്ധരുടെ സഹായം വേണ്ടിവരും. ഫോണിലെ ബാറ്ററി ലെവലുൾപ്പെടെ മാൽവെയർ നിരീക്ഷിക്കും. നീക്കാൻ ശ്രമം നടത്തിയാൽ ആക്രമണം മറ്റ് രീതികളിലാവും. അൺഇൻസ്റ്റാൾ ചെയ്താൽ ഫോൺ ഓഫാകും. അപരിചിതമായ സൈറ്റുകളും ലിങ്കുകളും തുറക്കാതിരിക്കുക എന്നതടക്കമാണ് പ്രതിവിധി. ഇടയ്ക്കിടെ പാസ്‌വേർഡുകളും മാറ്റണം.
1930
സൈബർ ഹെല്പ് നമ്പർ