വനിതാ ക്രിക്കറ്റിന്റെ വളർച്ച 'പാസ്പോർട്ട് സൈസിൽ നിന്ന് ഫുൾസൈസിലേക്ക് '

Friday 28 November 2025 11:49 PM IST

കേരളത്തിൽ നിന്ന് വനിതാ ഐ.പി.എല്ലിലെ ആദ്യ കോടിപതിയായി ആശ

തിരുവനന്തപുരം : ''പണ്ട് ഇന്ത്യൻ ജൂനിയർ ടീമിലേക്കും സോണൽ ടീമിലേക്കുമൊക്കെ സെലക്ഷൻ ലഭിക്കുമ്പോൾ എന്റെയാെക്കെ പാസ്പോർട്ട് സൈസ് ഫോട്ടോ പത്രത്തിൽ വന്നിരുന്നു. അന്നൊക്കെ കേരളത്തിൽ നിന്നുള്ള വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് അതുതന്നെ വലിയൊരു അംഗീകാരമായിരുന്നു. ഇപ്പോഴിതാ പത്രങ്ങളിൽ ഞങ്ങളുടെ വലിയ ചിത്രങ്ങൾ വരുന്നു. കേരളത്തിലെ വനിതാ ക്രിക്കറ്റിന്റെ വളർച്ച എത്രത്തോളമെന്ന് ചോദിച്ചാൽ ഞാൻ പറയും, പാസ്പോർട്ട് സൈസിൽ നിന്ന് ഫുൾ സൈസിലേക്കെന്ന് "" -കഴിഞ്ഞ ദിവസം ന‌ടന്ന വനിതാ പ്രിമിയർ ലീഗ് താരലേലത്തിൽ 1.10 കോടി രൂപയ്ക്ക് യു.പി വാരിയേഴ്സ് ടീം സ്വന്തമാക്കിയ തിരുവനന്തപുരത്തുകാരി ആശ ശോഭന എന്ന ആശ എസ്.ജോയി കേരള കൗമുദിയുമായി സംസാരിക്കുന്നു.

? വനിതാ ഐ.പി.എല്ലിലെ മലയാളി കോടിപതിയുടെ മനസിലിപ്പോൾ എന്താണ്

സന്തോഷം, വലിയ സന്തോഷം... ദൈവാനുഗ്രഹം !. ഈയൊരു രീതിയിലേക്കൊന്നും എത്തുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടേയില്ല. 2008ൽ ഐ.പി.എൽ വന്നപ്പോഴും വനിതകൾക്കും ഇങ്ങനെയൊരു ടൂർണമെന്റ് തുടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ശരിക്കും വനിതാ ക്രിക്കറ്റിൽ ഇന്ത്യയിൽ തന്നെ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. ഞങ്ങളുടെ കളി കാണാൻ സ്റ്റേഡിയത്തിലും ടി വിക്കുമുന്നിലും ആളുകൾ വരാൻ തുടങ്ങി. ആദ്യമായി ലോകകപ്പ് നേടിയത് വലിയ മാറ്റംകൊണ്ടുവന്നു.

? ആശ.എസ്.ജോയിയായി തുടക്കം

ജൂനിയർ തലത്തിൽ കേരളത്തിനായി കളിക്കുമ്പോൾ ആശ.എസ്.ജോയിയായിരുന്നു ഞാൻ.കേരള കൗമുദി പത്രത്തിലൊക്കെ എന്റെ ഫോട്ടോ വന്നത് ആശ എസ്.ജോയ് എന്ന പേരിലാണ്. ഇന്ത്യൻ ടീമിലേക്ക് വന്നപ്പോഴാണ് ഇനിഷ്യലിലെ എസിന്റെ എക്സ്പാൻഷനായ ശോഭന ചേർത്ത് ആശ ശോഭനയായത്. ആശ എസ്.ജോയി എന്നെഴുന്നതാണ് സന്തോഷം. കേരള ക്രിക്കറ്റ് അസോസിയേഷന്റെ വലിയ പിന്തുണയാണ് ഞങ്ങൾ വനിതാ താരങ്ങൾക്ക് തുണയായത്.

? 33-ാം വയസിലെ ഇന്ത്യൻ ടീം അരങ്ങേറ്റം

ചെറുപ്പത്തിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെന്നായിരുന്നു വലിയ ആഗ്രഹം. എന്നാൽ പിന്നീടത് മങ്ങിത്തുടങ്ങി. പക്ഷേ വനിതാ ഐ.പി.എല്ലിന്റെ വരവ് വിധി മാറ്റി. ആർ.സി.ബി ടീമിൽ അവസരം ലഭിച്ചു. നല്ല പ്രകടനം കാഴ്ചവയ്ക്കാനായതോടെ 33-ാം വയസിൽ , ഒരിക്കലും കിട്ടുകയില്ലെന്ന് കരുതിയ ഇന്ത്യൻ കുപ്പായം തേടിയെത്തി. 2024 മേയിൽ സിൽഹത്തിൽ ബംഗ്ളാദേശിന് എതിരെ ട്വന്റി-20യിലാണ് ആദ്യം ഇന്ത്യൻ കുപ്പായത്തിൽ കളിച്ചത്. ആദ്യ മത്സരത്തിൽതന്നെ രണ്ട് വിക്കറ്റ് നേടാനായി.

? ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ടീം കാര്യവട്ടത്തേക്ക് വരുന്നു, ആ ടീമിൽ ഇടം കിട്ടുമോ

നമ്മുടെ നാട്ടിലേക്ക് ഇന്ത്യൻ ടീമിന്റെ കളിയെത്തുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്.ലോകകപ്പ് നേടിയ ശേഷമാണ് ഈ വരവെന്നത് വലിയ ആവേശമുണ്ടാക്കും. 2024 ജൂണിലാണ് അവസാനമായി ഇന്ത്യൻ കുപ്പായത്തിൽ ട്വന്റി-20 കളിച്ചത്. ആഭ്യന്തര സീസണിലെ പ്രകടനം പരിഗണിച്ച് ശ്രീലങ്കയ്ക്ക് എതിരായ ടീമിലേക്ക് സെലക്ഷൻ കിട്ടുമെങ്കിൽ വലിയ സന്തോഷം.

? ഡബ്ളിയു.പി.എല്ലിലെ പുതിയ ടീം

രണ്ട് വർഷം മുമ്പ് ഞാൻ ഐ.പി​.എല്ലി​ലെ ആദ്യ അഞ്ചുവി​ക്കറ്റ് നേട്ടം കരസ്ഥമാക്കി​യത് യു.പി​ വാരി​യേഴ്സി​നെതി​രെയാണ്. ആ ടീമി​ലേക്ക് കളി​ക്കാനെത്തുന്നത് വലി​യ കൗതുകമുണ്ടാക്കുന്നുണ്ട്. കാൽമുട്ടി​ലെ പരി​ക്കുകാരണം കഴി​ഞ്ഞ ഡബ്ളി​യു.പി​.എല്ലി​ൽ കളി​ക്കാനായി​ല്ല. ഈ സീസണി​ൽ ശക്തമായി​ തി​രി​ച്ചുവരണമെന്നാണ് ആഗ്രഹം. ലോകകപ്പി​ലെ പ്ളേയർ ഒഫ് ദ സി​രീസായ ദീപ്തി​ ശർമ്മ നയി​ക്കുന്ന യു.പി​ ടീമി​ൽ ലോകോത്തര നി​ലവാരമുള്ള ബാറ്റർമാരും സ്പി​ന്നർമാരുമുണ്ട്. അവർക്കൊപ്പം കളി​ക്കാൻ കഴി​യുന്നത് എനി​ക്കും ഗുണം ചെയ്യും. നല്ല നിലവാരമുള്ള ടീമാണ് യു.പി. ലേലത്തിലൂടെ സ്വന്തമാക്കിയത് മികച്ച താരങ്ങളെയാണ്. പുതിയ സീസണിൽ കിരീ‌ടം നേടാൻ കരുത്തുള്ള ടീമാണിത്.

ആശ ശോഭന ജോയി​

തി​രുവനന്തപുരം കാച്ചാണി​യി​ൽ ഓട്ടോ ഡ്രൈവറായ ജോയി​യുടേയും ശോഭനയുടെയും മകൾ. കോട്ടൻഹി​ൽ സ്കൂളി​ൽ പഠി​ക്കുമ്പോൾ ക്രി​ക്കറ്റി​ൽ തത്പരയായി.ജി​ല്ലാ ടീമി​ലൂടെ 2006ൽ സംസ്ഥാന ടീമിലെത്തി. അന്നത്തെ കേരള വനിതാ ക്യാപ്ടൻ സബീന ജേക്കബ്, ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റീഷ്യനായ സുധീർ അലി തുടങ്ങിയവരുടെ പിന്തുണ വഴിത്തിരിവായി.പേസ് ബൗളറായാണ് തുടങ്ങിയതെങ്കിലും പിന്നീട് ലെഗ് സ്പിന്നിലേക്ക് തിരിഞ്ഞു. ഒരുപതിറ്റാണ്ടിലേറെ കേരളം , പോണ്ടിച്ചേരി, റെയിൽവേയ്സ് ടീമുകൾക്ക് വേണ്ടി കളിച്ചു. ദേശീയ ടീമിലേക്ക് എത്താൻ കഴിയാതെ വിരമിക്കുവാൻ ആലോചിക്കുമ്പോഴാണ് ഡബ്ളിയു.പി.എല്ലിലേക്ക് എത്തുന്നത്. ആർ.സി.ബിക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനം ഇന്ത്യൻ ടീമിലേക്ക് വഴിതുറന്നു. 2024ൽ ഇന്ത്യൻ കുപ്പായത്തിൽ ആറ് ട്വന്റി-20കളും രണ്ട് ഏകദിനങ്ങളും കളിച്ചു. 2024ലെ വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു.