ബി.ജെ.പി ബന്ധം ആരോപിക്കുന്നത് ശ്രദ്ധ തിരിക്കാൻ: രാജീവ് ചന്ദ്രശേഖർ

Saturday 29 November 2025 12:13 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പീഡന കേസിന്റെ ജാമ്യ ഹർജിയിൽ പരാതിക്കാരിക്ക് ബി.ജെ.പി ബന്ധമാരോപിക്കുന്നത് മുഖ്യവിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.യുവതിയുടെ പരാതിക്ക് പിന്നിൽ സിപിഎം- ബി.ജെ.പി ബന്ധമുണ്ടെന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം വിഡ്ഢിത്തരമാണ്. ആരെയാണ് രാഹുലും കോൺഗ്രസും വിഡ്ഢിയാക്കാൻ നോക്കുന്നത്.

പീഡിപ്പിച്ചത് കോൺഗ്രസ് എം.എൽ.എയാണ്. എന്നിട്ട് ഇതിനുപിന്നിൽ സി.പി.എമ്മും ബി.ജെ.പിയുമുണ്ടെന്നാണോ പറയുന്നത്. എം.എൽ.എ സ്ഥാനത്തിരിക്കുന്നയാളാണ് പീഡിപ്പിച്ചത്. പാെലീസ് ശരിയായ അന്വേഷണം നടത്തി നീതി നടപ്പാക്കണം. രാഷ്ട്രീയ വിഷയമായി കാണരുത്.

രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ളവർ കഴിയേണ്ടത് ജയിലിലാണെന്നും രാജീവ് ചന്ദ്രശേഖർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ശബരിമല സ്വർണക്കവർച്ചയിൽ നിന്നു ശ്രദ്ധ തിരിക്കാനുള്ള തന്ത്രങ്ങൾ നടക്കുന്നുണ്ട്.എല്ലാം ശരിയാക്കാമെന്നു പറഞ്ഞ എൽ.ഡി.എഫ് അധികാരത്തിലെത്തിയിട്ട് പത്തു വർഷം പൂർത്തിയാവുമ്പോൾ എന്ത് ചെയ്തു എന്നതാണ് ജനങ്ങൾ ചോദിക്കുന്നത്. എന്തെങ്കിലും വികസനം നടന്നിട്ടുണ്ടോയെന്നതാണ് ഇപ്പോൾ ചർച്ച ചെയ്യേണ്ടത്.