ഉറക്കമില്ലാതെ ഓട്ടം: ജയലക്ഷ്മിക്ക് ഒരേസമയം നേരിടണം രണ്ട് പരീക്ഷ

Saturday 29 November 2025 12:23 AM IST

കൊല്ലം: കൊല്ലം ശ്രീനാരായണഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസിലെ ഏഴാം സെമസ്റ്റർ ബി.ബി.എ എൽ.എൽ.ബി വിദ്യാർത്ഥിനി ജയലക്ഷ്മി ഒരേ സമയം രണ്ട് പരീക്ഷകൾ നേരിടുകയാണ്. കോളേജിൽ ആറാം സെമസ്റ്റർ പരീക്ഷയും കൊല്ലം കോ‌ർപ്പറേഷൻ മുണ്ടയ്ക്കൽ ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടലും.

നേരത്തെ ജയലക്ഷ്മി പുലർച്ചെ അഞ്ച് മുതൽ ആറ് വരെയും രാത്രി എഴ് മുതൽ 11 വരെയുമാണ് പഠിച്ചിരുന്നത്. പരീക്ഷ കൂടി നടക്കുന്നതിനാൽ ജയലക്ഷ്മിക്ക് പഠനം മാറ്റിവച്ച് വോട്ട് പിടിക്കാനാകില്ല. അതുകൊണ്ട് ഇപ്പോൾ പുലർച്ചെ നാല് മണിക്ക് എഴുന്നേറ്റ് പഠനം തുടങ്ങും. പിന്നെ ആറ് മുതൽ എട്ടര വരെ വോട്ട് തേടും. പരീക്ഷ കഴിഞ്ഞെത്തി വീണ്ടും ജനങ്ങൾക്കിടയിലേക്ക്. പ്രചാരണത്തിന്റെ വിലയിരുത്തലൊക്കെ കഴിഞ്ഞ് രാത്രി വീട്ടിലെത്തി രാത്രി 12.30 വരെ പഠിക്കും. സ്ഥാനാർത്ഥിയായതിന് ശേഷമുള്ള കഴിഞ്ഞ രണ്ടാഴ്ചയായി മൂന്നര മണിക്കൂർ മാത്രമാണ് ജയലക്ഷ്മിയുടെ ഉറക്കം.

ജയലക്ഷ്മിയുടെ ഏഴാം സെമസ്റ്റർ ക്ലാസ് അവസാനിക്കാറായപ്പോഴാണ് ആറാം സെമസ്റ്റർ പരീക്ഷ തുടങ്ങിയത്. അതുകൊണ്ട് തന്നെ ആറുമാസം മുമ്പേ പഠിച്ചതെല്ലാം വീണ്ടും നന്നായി പഠിക്കണം. തിങ്കളാഴ്ച പരീക്ഷ തീരും. പിന്നെ രണ്ട് ദിവത്തെ ഇന്റണേൽ എക്സാം കഴിയുന്നതോടെ ജയലക്ഷ്മിക്ക് മുന്നിൽ ജനവിധി എന്ന പരീക്ഷ മാത്രമാകും.