പരാതികൾ പൊലീസിലേക്ക്
കൊല്ലം: നവമാദ്ധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നടത്തുന്ന അപകീർത്തികരമായ പരാമർശങ്ങളും ഇതരചിത്രീകരണങ്ങളും പൊലീസിന് കൈമാറി ശക്തമായ നടപടിക്ക് ശുപാർശ ചെയ്ത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ എൻ.ദേവിദാസ്. റോഡ് അറ്റകുറ്റപണിയുടെ പേരിൽ ജനപ്രതിനിധിയെ വ്യക്തിപരമായും രാഷ്ട്രീയമായും അപകീർത്തിപ്പെടുത്തുന്നുവെന്ന പരാതിയിലാണ് പൊലീസ് അന്വേഷണത്തിന് തീരുമാനിച്ചത്. സൈബർ പൊലിസിന്റെ ഇടപെടൽ സമാനമായ മറ്റൊരു പരാതിയിലും നിർദേശിച്ചു. ഫേസ് ബുക്കിലൂടെ ആക്ഷേപിക്കുന്നതായി ലഭിച്ച പരാതിയും പരിശോധിക്കും. കമ്മിറ്റി കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ.ഹേമന്ത് കുമാർ, അംഗങ്ങളായ കെ.എസ്.ശൈലേന്ദ്രൻ, ബി.ജയശ്രീ, മാദ്ധ്യമവിദഗ്ദ്ധരായ കെ.രാജൻ ബാബു, ഇഗ്നേഷ്യസ് പെരേര, ലോ ഓഫീസർ എസ്.അരുൺ കുമാർ, കെ.സുരേഷ് എന്നിവർ പങ്കെടുത്തു.