രാഹുൽക്കേസ്, കരുതലോടെ നീങ്ങാൻ കോൺഗ്രസ് നേതൃത്വം, എം.എൽ.എ സ്ഥാനം: രാജി ആവശ്യപ്പെടില്ല
തിരുവനന്തപുരം: 'അന്വേഷണം നടക്കട്ടെ, കേസിന്റെ കാര്യത്തിൽ ഇടപെടില്ല. സി.പി.എം ചൂണ്ടയിൽ കൊത്താതെ തത്കാലം തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജാഗ്രത കാട്ടുക'. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട്. തത്കാലം എടുത്തചാടി ഒരു തീരുമാനവും വേണ്ടെന്നും കരുതലോടെ നീങ്ങാനും നേതൃത്വത്തിൽ ധാരണ. രാഹുൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നും ഈ ഘട്ടത്തിൽ ആവശ്യപ്പെടില്ല.
ലൈംഗികാരോപണ പരാതിയിൽ രാഹുലിനെതിരെ കേസെടുത്തതിന്റെയും തിടുക്കപ്പെട്ടുള്ള അന്വേഷണത്തിന്റെയും പിന്നിലെ രാഷ്ട്രീയ തന്ത്രം തിരിച്ചറിഞ്ഞു മതി ഓരോ ചുവടുമെന്നാണ് നേതാക്കളുടെ അഭിപ്രായം. യുവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി സമർപ്പിച്ചതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമെന്നും കോൺഗ്രസ് കരുതുന്നു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും മറ്റു മുതിർന്ന നേതാക്കളും സമാന തരത്തിലാണ് പ്രതികരിച്ചത്. യു.ഡി.എഫും സമാന നിലപാടിലാണ്.
രാഹുലിനെതിരെ ആരോപണമുയർന്നപ്പോൾ തന്നെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവയ്പിച്ചു, പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. ഇനിയുള്ള കടുത്ത നടപടി പാർട്ടിയിൽ നിന്ന് പുറത്താക്കലാണ്. അതിന് കുറ്റക്കാരനെന്ന് തെളിയിക്കപ്പെടണം. ഇതാണ് പ്രധാന നേതാക്കളുടെ നിലപാട്. സ്വന്തം നിലയ്ക്ക് നിരപരാധിത്വം തെളിയിക്കുമെന്ന് രാഹുലും പറഞ്ഞിട്ടുണ്ട്.
ജനങ്ങളോട് വിശദീകരിക്കും
ആരോപണമുയർന്ന് മൂന്നുമാസം കഴിഞ്ഞ് പരാതി വന്നതിന്റെ സന്ദർഭവും കോൺഗ്രസ് വിലയിരുത്തുന്നു. ശബരിമല സ്വർണത്തട്ടിപ്പ് കേസ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാറും കടന്ന് തന്ത്രിമാരുടെ മൊഴിയെടുപ്പിൽ എത്തി. ശേഷിക്കുന്ന പ്രമുഖൻ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. ഇതിന്റെ ക്ഷീണം തിരഞ്ഞെടുപ്പിൽ മറികടക്കാനുള്ള നീക്കമാണോയെന്നും കോൺഗ്രസ് സംശയിക്കുന്നു. പത്മകുമാറിനെതിരെ സി.പി.എം എന്തു നടപടി സ്വീകരിച്ചു എന്ന മറുചോദ്യവും ഉയർത്തുന്നു. ഇക്കാര്യങ്ങൾ ജനങ്ങളോട് വിശദീകരിക്കും.
'രാഹുൽ അമിതാവേശം കാട്ടി'
രാഹുലിന്റെ ചില നടപടികളിൽ വിമർശനവും കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തുന്നുണ്ട്. പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്ന് നേതാക്കൾ വിലക്കിയിട്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലക്കാട്ട് ഇറങ്ങി. ഡി.വൈ.എഫ്.ഐ, ബി.ജെ.പി പ്രതിഷേധം ഒന്നു തണുത്ത ഘട്ടത്തിലാണ് അമിതാവേശം കാട്ടി പ്രകോപനമുണ്ടാക്കിയതെന്നും ആരോപിക്കുന്നു.