പരാതിക്കു പിന്നിൽ രാഷ്ട്രീയവും ഗൂഢാലോചനയും:രാഹുൽ #പരിചയപ്പെട്ടത് സോഷ്യൽ മീഡിയയിൽ
തിരുവനന്തപുരം: തനിക്കെതിരായ പരാതിയും കേസും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതി അന്നുമുതൽ താനുമായുളള എല്ലാ ചാറ്റുകളും വോയ്‌സ് കോളുകളും റിക്കാർഡ് ചെയ്ത് സൂക്ഷിച്ചത് തന്റെ രാഷ്ട്രീയ പ്രതിച്ഛായ നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്.
ഒരുവർഷം മുൻപാണ് യുവതി വിവാഹിതയായത്. ഭർത്താവിന്റെ ഗാർഹിക പീഡന കഥകൾ പറഞ്ഞാണ് അടുപ്പം സ്ഥാപിച്ചത്. അനുകമ്പയായിരുന്നു ആദ്യം. ഈ ബന്ധമാണ് ഉഭയസമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തിലേക്ക് വളർന്നത്. നിയമപരമായി അതിൽ തെറ്റില്ല. ഗർഭച്ഛിദ്രം യുവതിയുടെ ഇഷ്ടപ്രകാരമാണ് ചെയ്തത്.
യുവതി വിദ്യാസമ്പന്നയും ബന്ധത്തിലെ ശരിതെറ്റുകൾ അറിയാവുന്ന വ്യക്തിയുമാണ്.ഗർഭത്തിന് ഉത്തരവാദി അവരുടെ ഭർത്താവാണ്. പരസ്പരസമ്മതത്തോടെയുള്ള ബന്ധമാണെന്ന് ചാറ്റുകളും ഫോൺരേഖകളും വ്യക്തമാക്കുന്നു. അതുകൊണ്ടാണ് പല സ്ഥലങ്ങളിൽ വച്ച് കണ്ടത്. യുവതിയും ഇതു സമ്മതിക്കുന്നുണ്ട്. സ്വമേധയെയാണ് ഗർഭഛിദ്രത്തിനുള്ള ഗുളിക കഴിച്ചതെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്.
അടുത്തുള്ള സ്റ്റേഷനുകളിൽ പരാതി നൽകാതെ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതിലും ദുരൂഹതയുണ്ട്. തന്റെ എതിർ രാഷ്ട്രീയ പാർട്ടിക്ക് സ്വാധീനമുളള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. പരാതി നൽകിയില്ലെങ്കിൽ സ്ഥാപനത്തിൽ തുടരാനാവില്ലെന്ന് സ്ഥാപനം അറിയിച്ചതായുള്ള യുവതിയുടെ ശബ്ദ സന്ദേശം അടക്കം കോടതിയിൽ ഹാജരാക്കാൻ തയ്യാറാണ്.