പെരുമാറ്റച്ചട്ടം പാലിക്കണം
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എൻ.ദേവിദാസ്. പെരുമാറ്റ ചട്ടലംഘനങ്ങൾ സംബന്ധിച്ച പരാതികളിൽ ജില്ലാ പെരുമാറ്റച്ചട്ട നിരീക്ഷണ സമിതി നടപടി സ്വീകരിക്കും. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുമായി ബന്ധപ്പെടുന്ന പദ്ധതികളല്ലാതെ തദ്ദേശസ്ഥാപന തലത്തിലുള്ള പദ്ധതികൾക്ക് സമിതി നിലവിൽ അനുമതി നൽകില്ല. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ മൂന്ന് വോട്ട് വീതം രേഖപ്പെടുത്തേണ്ട ഉദ്യോഗസ്ഥർക്ക് തത്തുല്യ എണ്ണം ബാലറ്റ് വീതവും നഗരസഭ/കോർപ്പറേഷൻ എന്നിവിടങ്ങളിൽ ഒരോ പോസ്റ്റൽ ബാലറ്റും അനുവദിച്ചിട്ടുണ്ട്. പോസ്റ്റൽ വോട്ട് രേഖപ്പെടുത്തേണ്ട ഫോം 15 തിരഞ്ഞെടുപ്പ് ദിനത്തിന് അഞ്ചു ദിവസം മുമ്പ് നൽകണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ഉപയോഗിക്കാം.