വീഡിയോ കോളിൽ ഗുളിക കഴിച്ചെന്ന് ഉറപ്പാക്കി

Saturday 29 November 2025 12:30 AM IST

തിരുവനന്തപുരം: ഗർഭച്ഛിദ്രം നടത്താൻ രാഹുൽ ഗുളികയെത്തിച്ചത് സുഹൃത്തായ ജോബി ജോസഫ് വഴിയാണെന്ന് പരാതിക്കാരിയായ യുവതിയുടെ മൊഴി. കൈമനത്ത് നിന്ന് കാറിൽ കയറ്റിയാണ് ജോബി ഗുളികകൾ തന്നത്. വീഡിയോ കോളിൽ വിളിച്ചാണ് ഗുളിക കഴിക്കാൻ രാഹുൽ നിർബന്ധിച്ചത്. ഗുളിക കഴിച്ചത് വീഡിയോ കോളിൽ കണ്ട് ഉറപ്പാക്കുകയും ചെയ്തു. ഗർഭിണിയാണെന്നു രാഹുലിനോട് പറഞ്ഞപ്പോൾ ഗർഭഛിദ്രം നടത്താനാണ് പറഞ്ഞത്. അതിനു സമ്മതമല്ലെന്ന് അറിയിച്ചപ്പോൾ ഭീഷണിപ്പെടുത്തി. കഴിയില്ലെന്നു പറഞ്ഞപ്പോഴെല്ലാം ചീത്ത വിളിച്ചു. ബന്ധത്തിൽനിന്ന് അകലാൻ രാഹുൽ ശ്രമിച്ചു. എവിടെനിന്നാണ് ഗുളിക എത്തിച്ചതെന്ന് അറിയില്ല. ഗുളിക കഴിച്ചശേഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ദിവസങ്ങളോളം രക്തസ്രാവവുമുണ്ടായി. ആശുപത്രിയിൽ ചികിത്സ തേടി. ഗർഭഛിദ്രത്തിന് തനിക്ക് താൽപര്യമില്ലായിരുന്നു. രാഹുലിന്റെ നിർബന്ധപ്രകാരമാണ് സമ്മതിച്ചത്. ഗർഭിണിയായിരിക്കെ പലവട്ടം ബലാത്സംഗം ചെയ്തു. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ ബലാത്സംഗത്തിനു ശേഷം വീഡിയോ പകർത്തി. പാലക്കാട്ടെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്തു. ദുരനുഭവം കോൺഗ്രസിലെ ചില യുവ നേതാക്കളെ അറിയിച്ചിരുന്നു. മെഡിക്കൽ രേഖകളും യുവതി പൊലീസിന് തെളിവായി നൽകി.