കാണാമറയത്ത് രാഹുൽ
പാലക്കാട്: നിർബന്ധിത ഗർഭഛിദ്രത്തിനും ലൈംഗികപീഡനത്തിനും പൊലീസ് കേസെടുത്തതിന് പിന്നാലെ എം.എൽ.എ ഓഫീസ് പൂട്ടി അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയ രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് കോൺഗ്രസ് നേതൃത്വം. പാർട്ടി സസ്പെൻഡ് ചെയ്ത ഒരാൾ എവിടെ പോകുന്നെന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും ഒളിവിലാണോയെന്ന് അറിയില്ലെന്നും ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ പറഞ്ഞു. ഇന്നുവരെ താൻ രാഹുലുമായി ബന്ധപ്പെട്ടിട്ടില്ലെന്നും
അദ്ദേഹം വ്യക്തമാക്കി.
പാലക്കാട്ടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ സജീവമായിരുന്നത് ഡി.സി.സിയുടെ അറിവോടെയും മൗനാനുവാദത്തോടെയും ആയിരുന്നു. പാർട്ടി പരിപാടികളിൽ പങ്കെടുത്തിരുന്നില്ലെന്ന് മാത്രം. കഴിഞ്ഞദിവസം കണ്ണാടിയിൽ ആയിരുന്നു അവസാനത്തെ പ്രചാരണം. വൈകിട്ട് നൂറണിയിൽ എത്തേണ്ടതായിരുന്നെങ്കിലും യുവതിയുടെ പരാതി വാർത്ത പുറത്തുവന്നതോടെ കാണാമറയത്തായി.
വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ട്പരാതി നൽകിയത്. വൈകീട്ട് 5:45 വരെ രാഹുലിന്റെ ഫോൺ ഓണായിരുന്നു. ഇതിനുശേഷം രാഹുലിന്റെയും സഹായികളുടേയും ഫോൺ സ്വിച്ച് ഓഫ് ആയി. രണ്ടാം പ്രതി ജോബിയുടെ ഫോണും സ്വിച്ച് ഓഫ് ആണ്. അടൂരിലെ നെല്ലിമുകളിലെ വീട്ടിൽ എത്തിയിട്ടില്ല. കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. പൊലീസിനും വ്യക്തതയില്ല. ഔദ്യോഗിക വാഹനം ഒഴിവാക്കി സുഹൃത്തിന്റെ വാഹനത്തിലേക്ക് മാറിയിരുന്നു. ഔദ്യോഗിക വാഹനം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നുമാണ് വിവരം.
ഓഫീസ് തുറന്നു
വ്യാഴാഴ്ച അടച്ചിട്ട എം.എൽ.എയുടെ മണപ്പുള്ളിക്കാവിലെ ഓഫീസ് ഇന്നലെ തുറന്നു. പ്രവർത്തനം സാധാരണ നിലയിലാണെന്ന് ജീവനക്കാർ പറഞ്ഞു. രാഹുൽ എവിടെയാണെന്ന് അറിയില്ലെന്നും ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ജീവനക്കാർ വ്യക്തമാക്കി.
ഓഫീസ് പൂട്ടി രാഹുൽ മുങ്ങിയതായി ആരോപണം ഉയർന്നിരുന്നു. ഡി.വൈ.എഫ്.ഐ, ബി.ജെ.പി പ്രവർത്തർ ഓഫീസിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.