വീട് നിര്‍മാണത്തില്‍ ഇവയ്ക്ക് പകരക്കാരായി; കേരളത്തില്‍ വ്യാപകമായി ഈ സ്ഥാപനങ്ങള്‍ അടച്ച് പൂട്ടുന്നു

Saturday 29 November 2025 12:48 AM IST

ആറ്റിങ്ങല്‍: ഒരുകാലത്ത് അഞ്ചുതെങ്ങ് ചീലാന്തിയും പ്ലാവും ഈട്ടിയുമടക്കം വിവിധയിനം തടികൊണ്ടുള്ള മരംഉരുപ്പടികളാല്‍ സമൃദ്ധമായിരുന്ന താലൂക്കിലെ സാമില്ലുകള്‍ക്ക് താഴുവീഴുന്നു. വാതിലും ജനലും ഫര്‍ണിച്ചറുകളുമെല്ലാം തന്നെ മെറ്റലിലേക്ക് മാറി. തടിയില്‍ തന്നെ വേണമെങ്കില്‍ അത് റെഡിമെയ്ഡില്‍ കുറഞ്ഞ വിലയില്‍ കിട്ടും. ഗുണമോ ദൃഢതയോ പ്രശ്‌നമല്ലതാനും. മരംമുറിച്ച് ഫര്‍ണിച്ചറുകള്‍ വീടുകളില്‍ തന്നെ നിര്‍മ്മിച്ചിരുന്ന ചിറയിന്‍കീഴ് താലൂക്കില്‍ ഒരുകാലത്ത് 65ല്‍ അധികം സാമില്ലുകള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തനമില്ലെങ്കിലും ഇപ്പോള്‍ അവ തുറക്കുന്നതും ഇല്ലാതായി. അതില്‍ത്തന്നെ വല്ലപ്പോഴും മാത്രം പ്രവര്‍ത്തിക്കുന്ന മില്ലുകള്‍ 10ന് താഴെയാണ്. സാമില്ലുകള്‍ നടത്തിപ്പിലെ ഭീമമായ ചെലവും തൊഴിലില്ലായ്മയുമാണ് മില്ലുകളെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചത്.

അധികൃതര്‍ കനിയണം

നഗരസഭയുടെ ലൈസന്‍സ് ഫീ 5500 രൂപ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് 2000. ഫാക്ടറീസ് ആന്‍ഡ് ബോയലേഴ്‌സിന് 5000, ഫയര്‍ലൈസന്‍സ് അങ്ങനെ ലൈസന്‍സ് ഫീസുകളുടെ പട്ടിക നീളുന്നു. വൈദ്യുതി ഉപഭോഗം 1700 രൂപ വരുന്ന ഗുണഭോക്താവിന് ഡിമാന്റ് ചാര്‍ജ് ഇനത്തില്‍ 5800 കൂടിയുള്‍പ്പെടുത്തി 8500 രൂപയുടെ ബില്ലാണ് മിനിമം. ഒരു സാമില്ലില്‍ 4 ജീവനക്കാര്‍ വേണം. തടികള്‍ ഇറക്കാന്‍ രണ്ട് പേരും, അറുക്കുന്നതിന് 2 പേരും. ഇതിന് പ്രതിദിനം 5500 രൂപ ഉടമ കണ്ടെത്തണം. ജീവനക്കാര്‍ മില്ലിലെത്തിയാല്‍ ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും ശമ്പളം നല്‍കണം.തടി അറുക്കുന്നതിന് കൂലിയാണെങ്കില്‍ ഒരു ക്യുബിക്ക് അടിക്ക് 100 രൂപയും. ആളുകള്‍ തടിയറുക്കുന്നത് കുറച്ചു കൊണ്ടുവരികയാണിപ്പോള്‍.

തൊഴിലില്ലായ്മ

കേരളത്തില്‍ നിന്ന് തടികള്‍ (ഉരുള്‍) ലോഡുകണക്കിന് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നു. ഇതും തൊഴിലില്ലായ്മക്ക് കാരണമാകുന്നു. സാമില്ലുകളെ സംരക്ഷിക്കാന്‍ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് മില്ലുടമകളുടെ പരാതി. വൈദ്യുതി ബില്ലിലെ ഡിമാന്‍ഡ് ചാര്‍ജും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ലൈസന്‍സ് ഫീയും ഒഴിവാക്കിയാല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാമെന്നാണ് ഉടമകള്‍ പറയുന്നത്.