രാഹുലിനെതിരെ ഉണ്ണിത്താൻ 'നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും'
Saturday 29 November 2025 12:54 AM IST
കാസർകോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ആരോപണങ്ങളിൽ സത്യാവസ്ഥയുണ്ടെന്ന് മനസിലാക്കിയതിനാലാണ് പാർട്ടിയ്ക്ക് നടപടിയെടുക്കേണ്ടി വന്നതെന്നും 'നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും' എന്നും അദ്ദേഹം പറഞ്ഞു. രാഹുൽ തന്നെയാണ് കാര്യങ്ങൾ ഇങ്ങനെ വഴിമാറാൻ ഇടയാക്കിയത്. വടി കൊടുത്ത് അടി വാങ്ങി. പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും അദ്ദേഹം പാർട്ടിയേയും ഇരയെയും മാദ്ധ്യമങ്ങളെയുമടക്കം വെല്ലുവിളിച്ചുവെന്നും ഉണ്ണിത്താൻ ആരോപിച്ചു. രാഹുലിനെ ന്യായീകരിച്ച മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെയും ഉണ്ണിത്താൻ വിമർശിച്ചു. ഓരോ കാലത്തും മാറിമാറി പറയുന്നയാളാണ് സുധാകരൻ. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് അദ്ദേഹത്തെ ഹൈക്കമാൻഡ് മാറ്റിയത് എന്തുകൊണ്ടാണെന്ന് മനസിലായല്ലോയെന്നും ഉണ്ണിത്താൻ പറഞ്ഞു.