മലപ്പുറത്ത് ജമാഅത്തെ ഇസ്‌ലാമി - യു.ഡി.എഫ് അവിശുദ്ധ സഖ്യം സജീവം: എം.വി. ഗോവിന്ദൻ
മലപ്പുറം: ചരിത്രത്തിൽ ഇന്നേവരെ ഇല്ലാത്ത രീതിയിലാണ് ജമാഅത്തെ ഇസ്‌ലാമി- യു.ഡി.എഫ് അവിശുദ്ധ സഖ്യം പ്രവർത്തിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പ്രസ് ക്ലബിന്റെ മീറ്റ് ദി ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയിൽ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും സഖ്യം സജീവമാണ്. യു.ഡി.എഫിന്റെ ആശയ പ്രപഞ്ചത്തെ നേതൃത്വപരമായ പങ്കോടെ ഇപ്പോൾ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്‌മാമിയും എസ്.ഡി.പി.ഐയും ആണ്. മറുഭാഗത്ത് ബി.ജെ.പിയും സംഘപരിവാർ വിഭാഗങ്ങളും. ഈ രണ്ട് വർഗീയ മുന്നണിയേയും എതിർത്ത് മതേതര ഉള്ളടക്കമാണ് കേരളത്തിന്റെ പാരമ്പര്യമെന്ന് കൃത്യമായി ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചാണ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒരേ സ്വഭാവമുള്ള രണ്ട് വർഗീയ ശക്തികളോടാണ് എൽ.ഡി.എഫിന്റെ ഏറ്റുമുട്ടൽ.
വോട്ട് വികസനത്തിന് കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് സമാധാനപരമായ ഒമ്പതര വർഷമാണ് കടന്നുപോയത്. വർഗീയ കലാപങ്ങളും സംഘർഷങ്ങളും നിലനിൽക്കുന്ന രാജ്യത്ത് സമാധാനപരമായിട്ട് ജീവിക്കാൻ സാധിക്കുന്ന ഒരു പശ്ചാത്തലം ഒരുക്കാൻ ഇടതുപക്ഷത്തിന് സാധിച്ചു. വികസന പ്രക്രിയകളിൽ വലിയ മുന്നേറ്റമുണ്ടായി. ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെ അടയാളപ്പെടുത്താൻ സാധിക്കുന്ന രീതിയിൽ കേരളത്തെ അതിദാരിദ്ര്യമുക്തമാകാൻ സാധിച്ചു. അടുത്ത അഞ്ചുവർഷം കൊണ്ട് ദാരിദ്ര്യം പൂർണമായി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ മുന്നോട്ടുപോകുന്നത്.
പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ചു. സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി 1,000 രൂപ പെൻഷനും തൊഴിലന്വേഷകരായ യുവജനങ്ങൾക്ക് 1,000 രൂപയും നൽകാൻ തീരുമാനിച്ചു. കിഫ്ബി വഴി പശ്ചാത്തല സൗകര്യ വികസന മേഖലയിൽ വലിയ മുന്നേറ്റമുണ്ടായി. നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറി. ദേശീയപാത ആറ് വരിപ്പാതയായി പൂർത്തീകരിച്ചു. ഭൂമിയേറ്റെടുക്കാൻ 560 കോടി രൂപയാണ് സംസ്ഥാനം ചെലവഴിച്ചത്. മലയോര ഹൈവേ, തീരദേശ ഹൈവേ ഉൾപ്പെടെയുള്ള ഗതാഗത സംവിധാനങ്ങൾ ലോകോത്തര രീതിയിൽ മാറി. കേരളം ഒരുവിജ്ഞാന സമൂഹമായി വളർന്നു. സ്റ്റാർട്ടപ്പ് മിഷൻ വഴി സംരംഭകരെ വളർത്തി. കൊച്ചിയിൽ നടത്തിയ നിക്ഷേപക സംഗമത്തിൽ രണ്ട് ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനമുണ്ടായി. ഭാവി കേരളത്തിന്റെ തൊഴിലില്ലായ്മ പ്രശ്നം ഉൾപ്പെടെ പരിഹരിക്കാൻ ഇതുവഴി സാധിക്കും. രാജ്യത്ത് പി.എസ്.സി വഴി തൊഴിൽ നൽകുന്നതിന്റെ 80 ശതമാനവും കേരളത്തിലാണ്.
ഒരുതരി സ്വർണം നഷ്ടപ്പെടില്ല ശബരിമലയിലെ ഒരുതരി സ്വർണം നഷ്ടപ്പെടാൻ പാടില്ല എന്നതാണ് നിലപാട്. സ്വർണപ്പാളി വിഷയം അന്വേഷിച്ച് ആരാണോ ഉത്തരവാദി അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ആരായാലും അവരെ സംരക്ഷിക്കുന്ന ഉത്തരവാദിത്വം സി.പി.എം ഏറ്റെടുക്കില്ല. ആവശ്യമായ നിലപാടുകളും നടപടിയും ഞങ്ങൾ സ്വീകരിക്കും.