മധുരക്കമ്പനി-കണ്ണങ്ങാട്ട് പാലം: അപ്രോച്ച് റോഡിന്റെ രണ്ടാം ഘട്ട ജോലികൾ തുടങ്ങി
പള്ളുരുത്തി: കണ്ണങ്ങാട്ട് - മധുര കമ്പനി പാലം അപ്രോച്ച് റോഡ് നിർമ്മാണത്തിന്റെ രണ്ടാംഘട്ട ജോലികൾ തുടങ്ങി. മെറ്റലിൽ വീണ് ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളകൗമുദി നൽകിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് ജോലികൾ തുടങ്ങിയത്.
വലിയ മെറ്റലുകൾ നിരത്തി സോൾ ചെയ്യുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഈ മാസത്തോടെ ടാറിംഗ് ജോലികൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് കൗൺസിലർ വി.എ. ശ്രീജിത്ത് പറഞ്ഞു. മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസിന്റെ വികസന ഫണ്ടിൽ നിന്ന് 2.78 കോടി രൂപയും കൊച്ചി നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 16.4 ലക്ഷം രൂപയും ചെലവഴിച്ചാണ് പാലം പൂർത്തിയാക്കിയത്. അപ്രോച്ച് റോഡിന് ഭൂമി ലഭിക്കാൻ കാലതാമസമുണ്ടായി. ഭൂവുടമകളുമായുണ്ടായ തർക്കങ്ങൾ മേയർ എം. അനിൽകുമാറും കൗൺസിലർ വി.എ. ശ്രീജിത്തും ചർച്ച നടത്തിയാണ് പരിഹാരം കണ്ടെത്തിയത്. റോഡിന് ഭൂമി ഏറ്റെടുക്കുന്നതിന് മുഴുവൻ ഫണ്ടും നൽകിയത് കൊച്ചി നഗരസഭയാണ്.
എ.എ. റഹീം എം.പിയുടെ വികസന ഫണ്ടിൽ നിന്ന് 1.41 കോടി രൂപ റോഡ് നിർമ്മാണത്തിനായി അനുവദിച്ചു. ശേഷിക്കുന്ന 50 ലക്ഷം രൂപ നഗരസഭ നൽകി. പള്ളുരുത്തിക്കാർക്ക് ഇടക്കൊച്ചി വഴി എറണാകുളം - അരൂർ ഭാഗത്തേക്ക് പോകാനുള്ള എളുപ്പവഴിയാണ് ഈ പാലം. നിരവധി യാത്രക്കാരാണ് രാവിലെയും വൈകിട്ടും ഈ പാലം വഴി സഞ്ചരിക്കുന്നത്.