ആ കൂളിംഗ് 'ഇഫക്ട്' മാഞ്ഞു
കൊച്ചി: രണ്ട് ദിവസം കേരളത്തെയാകെ 'കൂളാക്കിയ' അപ്രതീക്ഷിത കാലാവസ്ഥ ബൈ ബൈ പറഞ്ഞു. ഇനി വിറപ്പിക്കുക പുലർകാല തണുപ്പ് ! തണുത്ത അന്തരീക്ഷം കൊണ്ടുവന്ന 'ഡിറ്റ് വ' ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതോടെയാണ് കൂളിംഗ് ഇഫക്ട് മായാൻ കാരണം. ശ്രീലങ്കയിൽ കനത്ത നാശം വിതച്ച 'ഡിറ്റ് വ' പകൽ സമയത്തും തണുപ്പാണ് കേരളത്തിന് സമ്മാനിച്ചത്.
വൃശ്ചിക മാസത്തിൽ കേരളത്തിൽ തണുപ്പ് സ്വാഭാവികം. എന്നാൽ പകൽസമയത്തും അന്തരീക്ഷ താപനില താഴ്ന്നു നിൽക്കുന്നതിനോടൊപ്പം മൂടിക്കെട്ടിയ സാഹചര്യവുമായതോടെയാണ് തണുപ്പ് ചർച്ചയായത്. കാലാവസ്ഥാ വിദഗ്ദ്ധർ തണുപ്പിന് കാരണം 'ഡിറ്റ് വ' ചുഴലിക്കാറ്റാണെന്ന് ഉറപ്പിച്ചു പറഞ്ഞതോടെയാണ് ആശ്വാസമായത്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ മേഘങ്ങൾ കേരളത്തിന്റെ തലയ്ക്കുമേൽ എത്തി. ഇത് സൂര്യപ്രകാശം ഭൂമിയിൽ പതിക്കുന്നത് കുറച്ചു. ഈ സാഹചര്യത്തിൽ അന്തരീക്ഷം ചൂടുപിടിക്കാതിരുന്നതാണ് പകലും രാത്രിയും താപനില കുറഞ്ഞുനിൽക്കാൻ ഇടയാക്കിയത്.
രാത്രിയും പുലർച്ചെയുമാണ് വടക്കൻ കേരളം തണുപ്പിൽ വിറച്ചത്. തിരുവനന്തപുരം, കൊല്ലം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ പകൽ സമയങ്ങളിലും തണുപ്പിൽ മുങ്ങി. 'ഡിറ്റ് വ'യുടെ ശക്തി കുറഞ്ഞതോടെ സൂര്യൻ പതിവുപോലെ ഷൈൻ ചെയ്തു തുടങ്ങി. കഴിഞ്ഞ 30നാണ് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കൻ തീരത്തിനും മുകളിലായി അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് വടക്കുപടിഞ്ഞാറ് ദിശയിൽ ഇന്ത്യൻ തീരത്തേക്ക് എത്തിയത്.
ഡിറ്റ് വ ചുഴലിക്കാറ്റിന്റെ സ്വാധീനമായിരുന്നു പകൽ സമയത്തും തണുപ്പിന് കാരണമായത്. ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞതോടെ തണുപ്പും ഒഴിഞ്ഞു
രാജീവൻ എരിക്കുളം
കാലാവസ്ഥ വിദഗ്ദ്ധൻ
സ്ഥലം - താപനില
( നവംബർ 30- രാവിലെ 7 എ.എം-ഡിഗ്രി സെൽഷ്യസ് )
മൂന്നാർ 15.9 കുപ്പാടി 18 പൊന്മുടി 18.8 കല്പറ്റ 19.5 കബനിഗിരി 19.6 കോന്നി 20 പത്തനംതിട്ട 20.5 വടവാതൂർ 20.9 പാണത്തൂർ 21 പടന്നാക്കാട് 21 ചേറുവഞ്ചേരി 21.5 നൂറനാട് 21.5 കോട്ടയം 22 കളമശേരി 22 തിരുവനന്തപുരം 22.6