ഗജരാജൻ കേശവൻ സ്മരണയിൽ ഗുരുവായൂർ

Monday 01 December 2025 12:14 AM IST

ഗുരുവായൂർ:ഗജരാജൻ സ്മരണയിൽ ഗുരുവായൂർ ഏകാദശി ആഘോഷങ്ങൾക്ക് തുടക്കം.തങ്ങളുടെ മുൻഗാമിക്ക് പ്രണാമം അർപ്പിക്കാനായി ദേവസ്വം ആനത്തറവാട്ടിലെ ഇളംതലമുറക്കാർ ഇന്നലെ ഗജരാജൻ കേശവന്റെ പ്രതിമയ്ക്ക് ചുറ്റും ഒത്തുകൂടി. ഇന്നലെ രാവിലെ 7ന് തിരുവെങ്കിടാചലപതി ക്ഷേത്ര സന്നിധിയിൽ നിന്നും ഗജവീരൻ ഇന്ദ്രസെൻ ഗജരാജൻ കേശവന്റെയും, ഗജവീരന്മാരായ ബൽറാം ഗുരുവായൂരപ്പന്റെയും രവി കൃഷ്ണൻ മഹാലക്ഷ്മിയുടെയും ഛായാചിത്രങ്ങൾ വഹിച്ചുള്ള ഗജഘോഷയാത്രയോടെയാണ് അനുസ്മരണ ചടങ്ങ് ആരംഭിച്ചത്.

മഞ്ജുളാൽ വഴി ക്ഷേത്രനടയിലെത്തിയ ഘോഷയാത്ര ഗുരുവായൂരപ്പനെ തൊഴുത് ക്ഷേത്രം പ്രദക്ഷിണം വെച്ച ശേഷം കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തി.കേശവന്റെ സ്മരണ പുതുക്കി ഇന്ദ്രസെൻ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാഞ്ജലിയർപ്പിച്ചു.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പചക്രം സമർപ്പിച്ചു.ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ,മനോജ് ബി.നായർ,കെ.എസ്.ബാലഗോപാൽ,അഡ്മിനിസ്‌ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ പങ്കെടുത്തു.