പ്രചാരണം അവസാന ലാപ്പിലേക്ക്

Monday 01 December 2025 12:38 AM IST

പത്തനംതിട്ട: പരസ്യ പ്രചാരണത്തിന് ഇനി ഒരാഴ്ച ബാക്കി നിൽക്കെ സ്ഥാനാർത്ഥികൾ അവസാന ലാപ്പ് പോരാട്ടത്തിലേക്ക് കടന്നു. കൺവെൻഷനുകളും കുടുംബയോഗങ്ങളും പൂർത്തിയാക്കി വീറും വാശിയുമേറിയ മത്സരത്തിന് മൂന്ന് മുന്നണികളും സജീവമായി. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾ ഡിവിഷൻ പര്യടനത്തിന് ഇന്ന് തുടക്കം കുറിക്കും. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളാണ് കളം നിറഞ്ഞു നിൽക്കുന്നത്. ഗ്രാമ പഞ്ചായത്തു വാർഡുകളിൽ സ്വതന്ത്രരും വിമതരും ഭീഷണിയായി നിൽക്കുന്നു.

എൽ.ഡി.എഫ് ഒരു ഡിവിഷനിൽ നാല് ദിവസത്തെ പര്യടനമാണ് ആസൂത്രണം ചെയ്യുന്നത്. ആനിക്കാട് ഒഴികെയുള്ള ഡിവിഷനുകളിൽ ഇന്നും നാളെയുമായി തുടങ്ങും. യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ ഡിവിഷൻ പര്യടനം ഇന്നാരംഭിക്കും. എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പര്യടനം അടുത്ത ദിവസങ്ങളിലായി ആരംഭിക്കും.

ഒരു ഡിവിഷനിൽ ശരാശരി നാൽപ്പത് ഗ്രാമ പഞ്ചായത്ത് വാർഡുകളാണുള്ളത്. കവലകൾ തോറും സ്വീകരണ യോഗങ്ങൾ സംഘടിപ്പിച്ച് സ്ഥാനാർത്ഥിയെ പരാമാവധി വോട്ടർമാർക്ക് മുന്നിലെത്തിക്കാനാണ് മുന്നണി പ്രവർത്തകരുടെ ശ്രമം. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഡിവിഷനുകളിൽ നിഷ്പക്ഷ വോട്ടർമാരെ ഒപ്പം നിറുത്താനാണ് ശ്രമം. ബ്ളോക്ക്, ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ സ്ഥാനാർത്ഥികൾ ഭവന സന്ദർശനം ഉൗർജിതമാക്കി. ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾ ഒരുവീട്ടിൽ കുറഞ്ഞത് മൂന്ന് തവണ സന്ദർശനം നടത്തും. പ്രചരണ ലേഖനങ്ങളുമായി പ്രവർത്തകരുടെ സ്ക്വാഡുകൾ വീട്ടിലെത്തുന്നുണ്ട്.