കൂടത്തായി കേസ് വെല്ലുവിളി നിറ‌ഞ്ഞത്, അന്വേഷണ സംഘത്തെ വിപുലീകരിക്കും: ലോക്‌നാഥ് ബെഹ്റ

Tuesday 08 October 2019 12:11 PM IST

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പര സംസ്ഥാന പൊലീസിനെ സംബന്ധിച്ച് തികഞ്ഞ വെല്ലുവിളിയാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. കൊലപാതകങ്ങളിലെ സയനൈഡിന്റെ അംശം കണ്ടെത്തുക വെല്ലുവിളിയാണ്. എല്ലാം അതിജീവിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ആദ്യ അന്വേഷണത്തിലെ പാളിച്ചയെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യുന്നില്ല. തെളിവ് ശേഖരിക്കുന്നതിനും മറ്റ് പ്രതികളെ പിടികൂടുന്നതിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്ന് ഡി.ജി.പി വ്യക്തമാക്കി.

ഓരോ കേസുകളിലും പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയാണ് ഉത്തമം. പ്രതിക്ക് സയനൈഡ് എങ്ങനെ കിട്ടി എന്നത് പ്രധാനമാണ്. അന്വേഷണം കൂടുതൽ പേരിലേക്ക് നീങ്ങുന്നതിനാൽ പൊലീസ് സംഘത്തെ വിപുലീകരിക്കും. സയനൈഡിന്റെ തെളിവ് കണ്ടെത്തുക അസാദ്ധ്യമല്ല. പക്ഷേ ശ്രമകരമാണ്. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്. ഇക്കാര്യം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. സയനൈഡിന്റെ അംശം കണ്ടെത്താൻ രാസപരിശോധനകൾ ആവശ്യമെങ്കിൽ വിദേശത്തെ ലാബുകളിൽ വച്ച് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കൂടത്തായിയിൽ നടന്ന മറ്റ് ചില മരണങ്ങളെക്കുറിച്ചും ക്രൈബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് റിപ്പോർട്ട്. കേസിൽ അറസ്റ്റിലായ ജോളിയുടെ ആദ്യ ഭർത്താവ് റോയി തോമസിന്റെ സുഹൃത്തും അയൽക്കാരനുമായ ബിച്ചുണ്ണിയുടെ മരണത്തെക്കുറിച്ചാണ് അന്വേഷണം നടത്തുക. പ്ലംബറായ ബിച്ചുണ്ണി ഇടയ്ക്കിടെ റോയി തോമസിന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു. 2011ൽ റോയിയുടെ അസ്വഭാവിക മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞവരിൽ ഒരാൾകൂടിയാണ് ബിച്ചുണ്ണി. രാത്രി ഭക്ഷണം കഴിച്ചതിന് ശേഷമാണ് ബിച്ചുണ്ണി മരിച്ചതെന്ന് സഹോദരി ഭർത്താവ് പറഞ്ഞു. 2002 നും 2016നും ഇടയിലാണ് ആറ് മരണങ്ങളും സംഭവിച്ചത്. മരണങ്ങളെല്ലാം ഒരേ രീതിയിലുള്ളതായിരുന്നു. ടോം തോമസ്, ഭാര്യ അന്നമ്മ. മകൻ റോയി തോമസ്,​ അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടി, ഇവരുടെ ബന്ധുക്കളായ സിലി രണ്ട് വയസുള്ള കുഞ്ഞുമാണ് തുടർച്ചയായി മരണപ്പെട്ടത്.