തിരുമിറ്റക്കോട് നിലനിറുത്താൻ സി.പി.എം; പിടിക്കാൻ യു.ഡി.എഫ്
പട്ടാമ്പി: 1963 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതൽ പകരക്കാരില്ലാതെ ഭരണം കൊണ്ടുപോയ സി.പി.എമ്മിന് അടിപതറിയത് ഒറ്റതവണ. തിരുമിറ്റക്കോട് പഞ്ചായത്ത് സി.പി.എം ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിച്ചിരിക്കെ 2010ൽ ഭരണമാറ്റം വേണ്ടിവന്നു. സി.പി.എമ്മിനുള്ളിലെ ചില പൊട്ടിത്തെറികളാണ് യു.ഡി.എഫിന് അധികാരം ലഭിക്കാൻ സഹായിച്ചത്. 18 വാർഡിൽ 10 എണ്ണം പിടിച്ചാണ് സഖ്യത്തിന്റെ വിജയം. എന്നാൽ 2015ൽ 18ൽ 13 സീറ്റും നേടി ശക്തമായ തിരിച്ചുവരവ് നടത്തിയ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച എൽ.ഡി.എഫ് 2020ൽ 12 സീറ്റുമായി ഭരണം നിലനിറുത്തുകയും ചെയ്തു. 12 സീറ്റിലും സി.പി.എമ്മാണ് ജയിച്ചത്. ഇത്തവണയും ജയം തുടരാമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം നേതാക്കളെങ്കിലും ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസും ലീഗും സർവ്വശ്രമവും നടത്തുന്നുണ്ട്. രണ്ട് വാർഡിൽ സി.പി.ഐ എതിരെ മത്സരിക്കുന്നതും സി.പി.എമ്മിന് വെല്ലുവിളിയാകുന്നുണ്ട്. യു.ഡി.എഫിനാകട്ടെ വിമതശല്ല്യമാണ് തലവേദന. ഇക്കുറി യു.ഡി.എഫും സി.പി.എമ്മും പുതുമുഖങ്ങളെയാണ് മത്സരത്തിന് ഇറക്കിയിരിക്കുന്നത്.
വിഭജനത്തിനു ശേഷം രണ്ട് വാർഡ് കൂടിയതിനാൽ പഞ്ചായത്തിലെ ആകെ വാർഡ് 20 ആയി. യു.ഡി.എഫിൽ കോൺഗ്രസ് 15 വാർഡിലും ലീഗ് അഞ്ച് വാർഡിലും മത്സരിക്കുന്നു. നാലാംവാർഡിൽ എസ്.ഡി.പി.ഐ മത്സരിക്കുന്നുണ്ട്. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ 13ലും 19ലും ബി.ജെ.പി സ്ഥാനാർത്ഥികളില്ല. കോൺഗ്രസിനകത്തെ ചിലപ്രശ്നങ്ങളാൽ ഒന്നാം വാർഡ് നെല്ലികാട്ടിരി ഉൾപ്പടെ ചിലയിടങ്ങളിൽ വിമതശല്ല്യവുമുണ്ട്. ഭരണത്തിലെ പാകപിഴകളാണ് പ്രതിപക്ഷമായ യു.ഡി.എഫ് ഉന്നയിക്കുന്ന ആരോപണം. അഞ്ച് വർഷംകൊണ്ട് എസ്.സി ഫണ്ട് ചെലവഴിക്കാത്തതിനാൽ 10 കോടിരൂപ നഷ്ടമായി. കാൽനൂറ്റാണ്ടിന് മുമ്പ് ഉദ്ഘാടനം ചെയ്ത ശ്മശാനം കഴിഞ്ഞമാസം വീണ്ടും ഉദ്ഘാടനം ചെയ്തത് ജന സംസാരമാണ്. വാതക രീതിയിലാണ് സജ്ജീകരിച്ചതെങ്കിലും പ്രവർത്തിപ്പിക്കാനായിട്ടില്ല. മൂന്ന് വർഷം മുമ്പ് ആരോഗ്യമന്ത്രി വീണാജോർജും അന്ന് സ്പീക്കറായിരുന്ന എം.ബി രാജേഷും ഉദ്ഘാടനം ചെയ്ത ഹെൽത്ത് സെന്റർ പ്രവർത്തിക്കാനുള്ള നടപടി പൂർത്തീകരിക്കാതെ കിടക്കുകയാണെന്നും യു.ഡി.എഫ് ചൂണ്ടികാട്ടുന്നു. വെറ്റിനറി കേന്ദ്രവും കാര്യക്ഷമമല്ല. സ്ഥിരമായി കൃഷിഓഫീസർ ഇല്ലാതെ മൂന്ന് വർഷമായി കർഷകർ ദുരിതത്തിലാണ്. അതേസമയം പഞ്ചായത്തിൽ നടപ്പാക്കിയ പദ്ധതികളും സംസ്ഥാന സർക്കാരിന്റെ ഭരണനേടങ്ങളും ഉയർത്തിപ്പിടിച്ചാണ് ഭരണത്തുടർച്ച തേടി സി.പി.എം സ്ഥാനാർത്ഥികളും പ്രവർത്തകരും വോട്ടർമാരിലേക്കെത്തുന്നത്.
നിലവിലെ കക്ഷിനില- ആകെ സീറ്റ്-18(2025ൽ 20) സി.പി.എം-12, കോൺഗ്രസ്-3, മുസ്ലിം ലീഗ്-2