കേരളമാകെ യു.ഡി.എഫ് തരംഗം

Monday 01 December 2025 1:12 AM IST

ഓച്ചിറ: കേരളമാകെ യു.ഡി.എഫ് തരംഗമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ എല്ലാ രംഗത്തും കൊള്ളയാണ് നടക്കുന്നത്. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ഡ്യൂപ്ലിക്കറ്റ് അയ്യപ്പന്റെ വിഗ്രഹം വച്ച് ശബരിമല അയ്യപ്പനെ അടിച്ചു മാറ്റിയേനെ. കടം വാങ്ങി മുടിഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്നും കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് കുലശേഖരപുരം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി വരുൺ ആലപ്പാടിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വള്ളിക്കാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.എസ്. വിനോദ് അദ്ധ്യക്ഷനായ യോഗത്തിൽ സി.ആർ.മഹേഷ് എം.എൽ.എ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, സ്ഥാനാർത്ഥി വരുൺ ആലപ്പാട് തുടങ്ങിയവർ സംസാരിച്ചു.