കെഎസ്‌ആർടിസി ബസ് ബൈക്കിലിടിച്ചു, രണ്ട് യുവാക്കൾ തൽക്ഷണം മരിച്ചു

Monday 01 December 2025 7:16 AM IST

ആലപ്പുഴ: ഹരിപ്പാട് ജംഗ്ഷനിൽ കെഎസ്ആർടിസി സൂപ്പർ‌ഫാസ്‌റ്റ്‌ ബസ് ഇടിച്ച് രണ്ട് ബൈക്ക് യാത്രക്കാർ മരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഹരിപ്പാട് ഗവ. ആശുപത്രിക്ക് പടിഞ്ഞാറായി യൂണിയൻ ബാങ്കിന് സമീപമാണ് അപകടം നടന്നത്. ചേർത്തല ഫയർഫോഴ്‌സ് ഓഫീസിലെ ഉദ്യോഗസ്ഥൻ കുമാരപുരം കൊച്ചുകരുനാട്ട് ക്ഷേത്രത്തിന് സമീപം ചേടുവള്ളിയിൽ പ്രദീപ് കുമാറിന്റെയും ഗിരിജയുടെയും മകൻ ഗോകുൽ (24), ശ്രീനിലയത്തിൽ ശ്രീകുമാർ-തുളസി ദമ്പതികളുടെ മകൻ ശ്രീനാഥ് (24) എന്നിവരാണ് മരിച്ചത്.

അമിതവേഗത്തിലെത്തിയ ബസ് ഇരുവരെയും ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. ഹരിപ്പാട്ടെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് യുവാക്കൾ അപകടത്തിൽ പെട്ടത്. ഇരുവരും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ.