വോട്ടുചോദിക്കാനെത്തുന്ന സ്ഥാനാർത്ഥികളെ തടയുന്നു, കഴിഞ്ഞദിവസം പെട്ടത് ബിജെപി പ്രവർത്തകർ
വിതുര: വിതുര പഞ്ചായത്തിലെ മണലി വാർഡിൽ വോട്ട് അഭ്യർത്ഥിക്കാനെത്തുന്ന സ്ഥാനാർത്ഥികൾക്ക് തലവേദനയായി കാട്ടുപോത്തുകൾ. രണ്ട് ദിവസമായി മേഖലയിൽ പകൽ സമയത്ത് കാട്ടുപോത്തുകൾ ഭീതി പരത്തുകയാണ്. രാത്രിയിലാണ് കാട്ടാനശല്യമുള്ളത്. നേരത്തേ പകൽസമയത്തും ഇവിടെ ഒറ്റയാൻ ഇറങ്ങി ഭീതിപരത്തുമായിരുന്നു. കാട്ടുമൃഗശല്യം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുന്നു. കാട്ടുമൃഗ ശല്യത്താൽ ഭീതിയോടെയാണ് വനമേഖലയിൽ വോട്ടുപിടിക്കാൻ സ്ഥാനാർത്ഥികളും പ്രവർത്തകരും എത്തുന്നത്.
വനമേഖലയിൽ മഴ കനത്തതോടെയാണ് കാട്ടാനയും കാട്ടുപോത്തും കളത്തിലിറങ്ങിയത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ബി.ജെ.പി സ്ഥാനാർത്ഥികളും പ്രവർത്തകരും വോട്ട് അഭ്യർത്ഥിക്കാൻ എത്തിയപ്പോൾ മാർഗതടസം സൃഷ്ടിച്ച് കാട്ടുപോത്തുകൾ ഭീതിപരത്തി. കാട്ടുപോത്തുകൾ കൂട്ടമായെത്തിയെങ്കിലും ആരേയും ആക്രമിച്ചില്ല. നാട്ടുകാർ ഇവയെ ഓടിച്ച് കാട്ടിനുള്ളിലേക്ക് വിടുകയായിരുന്നു. വനമേഖലയായതിനാൽ കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് പതിവാണ്.
കൃഷികൾ നശിപ്പിക്കുന്നു
മേഖലയിൽ വന്യമൃഗശല്യം രൂക്ഷമായിട്ട് മാസങ്ങളേറെയായി. കാട്ടുപോത്തിന് പുറമേ കാട്ടാനശല്യവും രൂക്ഷമാണ്.പ്രദേശത്തെ കൃഷികൾ മുഴുവൻ ഇതിനകം നശിപ്പിച്ചുകഴിഞ്ഞു. പ്രദേശവാസികൾക്ക് കനത്തനഷ്ടമാണ് കാട്ടുമൃഗങ്ങൾ വിതച്ചത്. വിതുര പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കാട്ടുമൃഗശല്യമുള്ള മേഖലകൂടിയാണ് മണലി. തലത്തൂതക്കാവിലുള്ള സ്‌കൂൾ പരിസരത്തുവരെ കാട്ടാനശല്യമുണ്ട്.
നടപടിയെടുക്കണം
കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കല്ലാർ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിക്കുകയും വനപാലകരെ തടയുകയും ചെയ്തിരുന്നു. തുടർന്ന് ഇവിടെ മാസങ്ങളായി ഭീതിപരത്തി വിഹരിച്ച ഒറ്റയാനെ വനപാലകർ കല്ലാർ മേഖലയിലേക്ക് തുരത്തിരുന്നു. എന്നാൽ മണലി മേഖലയിൽ വീണ്ടും ആന എത്തിയതായി ആദിവാസികൾ പറയുന്നു. പ്രദേശവാസികൾ ഭീതിയോടെയാണ് ജീവിക്കുന്നത്. മണലിക്ക് പുറമേ പൊൻമുടി,കല്ലാർ, ആനപ്പാറ പേപ്പാറ,ബോണക്കാട്,മണിതൂക്കി,മരുതാമല,മാങ്കാല വാർഡുകളിലും കാട്ടുമൃഗശല്യമുണ്ട്.