'ഞാൻ മാത്രം എങ്ങനെ പ്രതിയാകും, തീരുമാനങ്ങൾക്ക് കൂട്ടുത്തരവാദിത്തമുണ്ട്'- ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്
പമ്പ: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ താൻ മാത്രം എങ്ങനെ പ്രതിയാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ. കേസിൽ അറസ്റ്റിലായതിന് പിന്നാലെ സമർപ്പിച്ച ജാമ്യ ഹർജിയിലാണ് ബോർഡിന്റെ കൂട്ടായ വീഴ്ചയുടെ ഉത്തരവാദിത്തം തനിക്കു മാത്രം ചുമത്തുന്നതിനെതിരെ അദ്ദേഹം ശക്തമായ ചില വാദങ്ങൾ ഉന്നയിച്ചത്. ബോർഡിലെ മറ്റ് അംഗങ്ങൾ അറിയാതെ തനിച്ച് ഒരു തീരുമാനവും എടുക്കാനാവില്ലെന്നും, എല്ലാ തീരുമാനങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും പത്മകുമാർ ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥർ രേഖകളിൽ പിച്ചളപാളികൾ എന്ന് എഴുതിയത് പിന്നീട് ചെമ്പ് പാളികൾ എന്ന് തിരുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം ജാമ്യാപേക്ഷയിൽ പറയുന്നു. നിർമ്മാണത്തിന് ചെമ്പ് ഉപയോഗിച്ചത് കൊണ്ടാണ് തിരുത്തൽ വരുത്തിയത്. തിരുത്തൽ വരുത്തിയെങ്കിൽപോലും ബോർഡ് അംഗങ്ങൾക്ക് ഇത് പിന്നീട് ചൂണ്ടിക്കാണിക്കാൻ അവസരമുണ്ടായിരുന്നതായും അദ്ദേഹം ഹർജിയിൽ പറയുന്നു. പത്മകുമാറിന്റെ ജാമ്യ ഹർജി നാളെയാണ് കൊല്ലം കോടതി പരിഗണിക്കുക.
അതേസമയം, സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എ പത്മകുമാറിനെതിരെ ഉചിതമായ നടപടി ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സ്വർണകൊള്ളയെ രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസുമായും മറ്റും താരതമ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
'സ്വർണപ്പാളിയും കൊണ്ട് നടന്നാൽ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് യുഡിഎഫ് കരുതുന്നത്. എന്നാൽ ജനങ്ങൾക്ക് എല്ലാം അറിയാം' ഗോവിന്ദൻ പ്രതികരിച്ചു. ശബരിമല വിഷയത്തിൽ ഉത്തരവാദി ആരാണോ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ആരായാലും പാർട്ടി സംരക്ഷിക്കില്ല. കേസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) പൂർണ പിന്തുണ നൽകുമെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ പാർട്ടിതലത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.