ആലപ്പുഴയിൽ പത്തുവയസുകാരന് അമീബിക് മസ്തി‌ഷ്കജ്വരം; ഉറവിടം വ്യക്തമല്ല

Monday 01 December 2025 10:39 AM IST

ആലപ്പുഴ: ചേർത്തല തണ്ണീർമുക്കം വാരനാട് സ്വദേശിയായ പത്തുവയസുകാരന് അമീബിക് മസ്തി‌ഷ്കജ്വരം സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്ന കുട്ടി രണ്ടുമാസം മുൻപാണ് നാട്ടിലെത്തിയത്. അതിനുശേഷം പള്ളിപ്പുറത്തുള്ള അമ്മയുടെ വീട്ടിലും വാരനാടുള്ള വീട്ടിലും താമസിച്ചിരുന്നു. ഏതാനും ദിവസം മുൻപ് അവശനായ കുട്ടിയെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. രോഗലക്ഷണം കണ്ടതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. കുട്ടി താമസിച്ചിരുന്ന തണ്ണീർമുക്കത്തും പള്ളിപ്പുറത്തും പ്രത്യേക ജാഗ്രാതനിർദേശമുണ്ട്.

നെയ്ഗ്ലേരിയ ഫൗളറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴുണ്ടാകുന്ന രോഗമാണ് അമീബിക് മസ്തിഷ്‌കജ്വരം. ഇതിൽ ‘ബ്രെയിൻ ഈറ്റിംഗ് അമീബിയ’ എന്നറിയപ്പെടുന്ന അമീബയാണ് കൂടുതൽ അപകടകാരി. ഇത് വേഗത്തിൽ തലച്ചോറിനെ നശിപ്പിക്കും. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് സാധാരണ ഈ രോഗം ബാധിക്കുന്നത്.

2016ൽ ആലപ്പുഴയിലെ തിരുമലയിലാണ് സംസ്ഥാനത്തെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്. അമീബിക്ക് മസ്തിഷ്‌ക ജ്വരം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ്ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുമ്പോഴാണ് അമീബിക്ക് മസ്തിഷ്‌ക ജ്വരം ഉണ്ടാവുന്നത്.