കാര്യവട്ടം ക്യാമ്പസിലെ ജാതിഅധിക്ഷേപം; സംസ്‌കൃതം വകുപ്പ് മേധാവി ജാമ്യാപേക്ഷ നൽകി, പരാതിക്കാരന്റെ ഭാഗം കേൾക്കും

Monday 01 December 2025 2:55 PM IST

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം നടത്തിയ സംഭവത്തിൽ സംസ്കൃതം വകുപ്പ് മേധാവിയായ സി എൻ വിജയകുമാരി സമർപ്പിച്ച ജാമ്യാപേക്ഷയിൽ പരാതിക്കാരനായ വിപിൻ വിജയന്റെ ഭാഗം കേൾക്കാനൊരുങ്ങി കോടതി. വിപിനോട് ഡിസംബര്‍ അഞ്ചിന് ഹാജരാകാന്‍ കോടതി നിർദേശിച്ചിട്ടുണ്ട്. നെടുമങ്ങാട് എസ്‌സി, എസ്‌ടി കോടതിയാണ് കേസ് പരിഗണിക്കുന്നത്.

അക്കാഡമിക് നിലവാരമില്ലാത്ത പ്രബന്ധം അംഗീകരിക്കാന്‍ പറ്റില്ലെന്നും ജാതി അധിക്ഷേപം നടത്തിയെന്നത് തെറ്റാണെന്നുമാണ് വിജയകുമാരിയുടെ വാദം. തീസിസിലെ അപാകത ചൂണ്ടികാട്ടിയതിലെ വിരോധവും, രാഷ്ട്രീയ പകപോക്കലുമാണ് കേസിന് ആധാരമെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. വിജയകുമാരിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.

ഗവേഷക വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ വിപിന്‍ വിജയന്റെ പരാതിയില്‍ വിജയകുമാരിക്കെതിരെ പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീകാര്യം പൊലീസ് കേസെടുത്തിരുന്നു. തനിക്ക് പിഎച്ച്ഡി ബിരുദം അവാര്‍ഡ് ചെയ്യുന്നതിനുമുന്‍പുള്ള ഓപ്പണ്‍ ഡിഫന്‍സിനുശേഷം പ്രബന്ധത്തില്‍ ന്യൂനതകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വിജയകുമാരി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന് വിപിന്‍ വിജയന്‍ പരാതി നല്‍കിയിരുന്നു.

കാര്യവട്ടം ക്യാമ്പസിൽ എംഫിലിന് പഠിക്കുമ്പോള്‍ ഗൈഡ് ആയിരുന്ന വിജയകുമാരി അന്നുമുതല്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചിരുന്നുവെന്നും, പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ടെന്നും പുലയനും പറയനും വന്നതോടെ സംസ്‌കൃത വിഭാഗത്തിന്റെ മഹിമ നശിച്ചെന്ന് ആക്ഷേപിച്ചെന്നും വിപിൻ നൽകിയ പരാതിയിലുണ്ട്.