ഒളിവിലിരുന്ന് കരുനീക്കി രാഹുൽ മാങ്കൂട്ടത്തിൽ; യുവതിക്കെതിരെ കൂടുതൽ തെളിവുകൾ
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മൂന്ന് തെളിവുകൾ മുദ്രവച്ച കവറിൽ സമർപ്പിച്ചത്. ചിത്രങ്ങൾ, വാട്‌സാപ്പ് ചാറ്റുകളുടെ ഹാഷ്‌വാല്യു സർട്ടിഫിക്കറ്റ്, ഫോൺ സംഭാഷണങ്ങൾ എന്നിവയാണ് അവ. മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ച ശേഷം ഇത് രണ്ടാം തവണയാണ് യുവതിക്കെതിരെ കൂടുതൽ തെളിവുകൾ രാഹുൽ സമർപ്പിക്കുന്നത്. ഒളിവിൽ കഴിയുന്ന രാഹുലിന് വേണ്ടി അഭിഭാഷകനാണ് കോടതിയിൽ തെളിവ് നൽകിയത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനായി തെരച്ചിൽ തുടരുകയാണ്. സുഹൃത്തായ സിനിമാ താരത്തിന്റെ ചുവന്ന പോളോ കാറിലാണ് രാഹുൽ കടന്നുകളഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതിജീവിത മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് പിന്നാലെയാണ് രാഹുൽ ഒളിവിൽ പോയത്.
അതിജീവിത മുഖ്യമന്ത്രിയെ കാണാൻ പോയ സമയത്ത് രാഹുൽ പാലക്കാട് കണ്ണാടിയിൽ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. പരാതി കൊടുത്തെന്ന് അറിഞ്ഞതോടെ ചുവന്ന പോളോ കാറിൽ കയറിപ്പോകുകയായിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. എന്നാൽ ഇതേ കാർ തന്നെയാണോ ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല.
രാഹുലിന്റെ പാലക്കാട് കുന്നത്തൂർ മേട്ടിലെ ഫ്ലാറ്റിൽ അന്വേഷണ സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. എന്നാൽ യുവതി എത്തിയ ദിവസത്തെ സി സി ടിവി ദൃശ്യം ലഭിച്ചിട്ടില്ല. ഇവിടെയെത്തിച്ചും പീഡിപ്പിച്ചുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ സി സി ടി വിയുടെ ഡി വി ആറിൽ യുവതി പറഞ്ഞ സമയത്തെ ദൃശ്യം ഉണ്ടായിരുന്നില്ല.