അപരന്മാർ നഗരത്തിൽ

Monday 01 December 2025 4:41 PM IST

കൊച്ചി: കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർത്ഥികൾക്ക് പുറമെ സ്വതന്ത്ര സ്ഥാനാർത്ഥികളുടെയും നെഞ്ചിടിപ്പ് കൂട്ടി അപരന്മാർ. എളമക്കര സൗത്ത്, പൊന്നുരുന്നി, പൊന്നുരുന്നി ഈസ്റ്റ്, ഗിരിനഗർ, വൈറ്റില ഡിവിഷനുകളിലാണ് അപരന്മാർ രംഗത്തുള്ളത്.

പൊന്നുരുന്നിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് അപരന്റെ ഭീഷണി നേരിടുന്നത്. സി.പി.എമ്മിന്റെ കെ.കെ. പ്രദീപ്കുമാറിന് സ്വതന്ത്രൻ പ്രദീപ്കുമാർ അപരനാണ്. 113 വോട്ടിനാണ് ഇടതുമുന്നണി കഴിഞ്ഞ വർഷം ഈ ഡിവിഷനിൽ വിജയിച്ചത്. അന്ന് എൽ.ഡി.എഫിന്റെ സി.ഡി.ബിന്ദുവിനും അപര ഭീഷണി ഉണ്ടായിരുന്നു. പക്ഷേ, 32 വോട്ടേ അപരയ്ക്ക് നേടാൻ കഴിഞ്ഞുള്ളൂ. എളമക്കര സൗത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി വി.ആർ.സുധീറിന് സ്വതന്ത്രൻ എം.പി.സുധീറാണ് അപരൻ. എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണിത്. കഴിഞ്ഞ വർഷം 752 വോട്ടിനാണ് ഇടത് സ്ഥാനാർത്ഥി വിജയിച്ചത്. യു.ഡി.എഫിന് 1800 വോട്ട് ലഭിച്ചു. അന്നും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് അപരയുണ്ടായിരുന്നു.

പൊന്നുരുന്നി ഈസ്റ്റിൽ ബി.ജെ.പി സ്ഥാനാർത്ഥി സുനിത ഡിക്സണ് ഒന്നല്ല, രണ്ട് അപരകളാണുള്ളത്. സുനി, സുനിത സുനിൽകുമാർ എന്നിവർ. കോൺഗ്രസിൽ നിന്ന് ആർ.എസ്.പിയിലേക്കും ഒടുവിൽ ബി.ജെ.പിയിലേക്കും ചേക്കേറിയ സുനിത ഡിക്സൺ നിലവിൽ സിറ്റിംഗ് കൗൺസിലർ കൂടിയാണ്. 2020ൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് 355 വോട്ടാണ് ഈ ഡിവിഷനിൽ നേടാനായത്.

ഗിരിനഗറിലും ബി.ജെ.പി സ്ഥാനാർത്ഥിക്കാണ് അപര. സംസ്ഥാന നേതാവ് കൂടിയായ അഡ്വ.ടി.പി.സിന്ധുമോളാണ് ഇവിടെ എൻ.ഡി.എയ്ക്കായി മത്സരിക്കുന്നത്. സിന്ധു എന്ന സ്വതന്ത്രയാണ് അപര. യു.ഡി.എഫിന്റെ സിറ്റിംഗ് ഡിവിഷനാണ് ഗിരിനഗർ. സിറ്റിംഗ് കൗൺസിലറായ മാലിനി കുറിപ്പ് വിമതയായി മത്സരിക്കുന്നു. മുൻ കൗൺസിലർ പി.ഡി.മാർട്ടിനാണ് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി.

ഗ്ലാമർ പോരാട്ടം നടക്കുന്ന വൈറ്റിലയിലും അപരൻ കളത്തിലുണ്ട്. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി.പി.ചന്ദ്രന് ചന്ദ്രൻ എന്നയാളാണ് അപരൻ. 2016ൽ എൽ.ഡി.എഫ് കൗൺസിലറായിരുന്നു വി.പി.ചന്ദ്രൻ. സി.പി.എം പുറത്താക്കിയതോടെയാണ് ഇക്കുറി കോൺഗ്രസ് സ്വതന്ത്രനായി രംഗത്തിറങ്ങിയത്. 2016ൽ യു.ഡി.എഫ് കൗൺസിലറായിരുന്ന എ.ബി.സാബുവാണ് എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി. കോൺഗ്രസ് വിട്ട സാബു പിന്നീട് സി.പി.എമ്മിൽ ചേരുകയായിരുന്നു. പുതിയ ഡിവിഷനാണ് വൈറ്റില.