ജയിലില്‍ നിരാഹാരമിരിക്കുമെന്ന് രാഹുല്‍ ഈശ്വര്‍; ഇരയ്‌ക്കെതിരെ പോസ്റ്റിട്ടത് നിസാരമല്ലെന്ന് കോടതി

Monday 01 December 2025 6:55 PM IST
ഫോട്ടോ: നിശാന്ത് ആലുകാട്, കേരളകൗമുദി

തിരുവനന്തപുരം: സൈബര്‍ അധിക്ഷേപ പരാതിയില്‍ റിമാന്‍ഡ് ചെയ്ത നടപടിക്കെതിരെ രാഹുല്‍ ഈശ്വര്‍. തനിക്കെതിരെ കള്ളക്കേസാണ് ചുമത്തിയിരിക്കുന്നതെന്നും ജയിലില്‍ നിരാഹാരമിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. റിമാന്‍ഡ് ചെയ്തുള്ള കോടതി ഉത്തരവിന് പിന്നാലെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വാഹനത്തിലിരുന്ന് രാഹുല്‍ ഈശ്വര്‍ ആരോപണം ഉന്നയിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ സൈബര്‍ അധിക്ഷേപം നടത്തിയ കേസിലാണ് രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത രാഹുലിനെ പൂജപ്പുരയിലെ ജില്ലാ ജയിലിലേക്കാണ് മാറ്റുക. സമൂഹ മാദ്ധ്യമം വഴി രാതിക്കാരിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തുകയും അധിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തുവെന്ന കേസിലാണ് നടപടി. തിരുവനന്തപുരം അഡിഷണല്‍ സിജെഎം കോടതിയാണ് റിമാന്‍ഡ് ചെയ്തത്.

ഇരയ്‌ക്കെതിരെ പോസ്റ്റ് ഇട്ടത് നിസാരമായ കാര്യമല്ലെന്നാണ് കോടതിയുടെ വിമര്‍ശനം. അറസ്റ്റ് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നാണ് രാഹുലിന്റെ വാദം. അറസ്റ്റ് നിയമപരമായി നടത്തിയിട്ടില്ലെന്നും നോട്ടീസ് നല്‍കിയത് പോലും പിടികൂടി കൊണ്ട് വന്നശേഷമാണെന്നും രാഹുല്‍ ഈശ്വര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ നോട്ടീസ് നല്‍കിയിരുന്നുവെന്നും എന്നാല്‍ അത് കൈപ്പറ്റിയില്ലെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.

ഇന്നലെ വൈകിട്ടാണ് കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നി വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തിയെന്നതടക്കം ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് സൈബര്‍ പൊലീസിന്റെ നടപടി.