രണ്ട് പച്ചക്കറികളുടെ വില കുതിക്കുന്നു; കിലോയ്ക്ക് 600 രൂപ വരെ നല്‍കേണ്ട സ്ഥിതി

Monday 01 December 2025 7:39 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ വര്‍ദ്ധനവ് തുടരുന്നത് മലയാളിയുടെ അടുക്കള ബജറ്റിനെ കാര്യമായി ബാധിക്കുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകയിലും കനത്ത മഴ പെയ്തതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. മുരിങ്ങയ്ക്കായ, വെള്ളരിക്ക എന്നിവയുടെ വിലയിലാണ് വലിയ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ഇപ്പോള്‍ മുരിങ്ങയുടെ സീസണല്ലാത്തതും വില ഉയരുന്നതിന് ഒരു കാരണമാണ്. കനത്ത മഴയില്‍ മുരിങ്ങയുടെ പൂക്കള്‍ കൊഴിഞ്ഞത് വിളവിനെ ബാധിച്ചുവെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഡിറ്റ് വാ ചുഴലിക്കാറ്റ് കാരണം തമിഴ്‌നാട്ടില്‍ പെയ്ത കനത്ത മഴ മുരിങ്ങയ്ക്കാ വിതരണ കേന്ദ്രങ്ങളെ ബാധിച്ചിട്ടുണ്ട്. മുരിങ്ങയ്ക്കായ്ക്ക് കരളത്തില്‍ ഏറ്റവും കൂടുതല്‍ വില നല്‍കേണ്ടത് തൃശൂര്‍ ജില്ലയിലാണ്. കുറവ് കോട്ടയത്തും. തൃശൂരില്‍ 550 രൂപയ്ക്ക് മുകളിലാണ് ഒരു കിലോയുടെ ചില്ലറ വില്‍പ്പന വില. അതിര്‍ത്തി ജില്ലയായ പാലക്കാട് പോലും 400 രൂപയാണ് ഒരു കിലോയുടെ വില. നാടന്‍ മുരിങ്ങയ്ക്കായ കിട്ടാനില്ലാത്തതോടെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവയ്ക്ക് തീവില നല്‍കേണ്ട സ്ഥിതിയിലേക്ക് എത്തിയത്.

കഴിഞ്ഞയാഴ്ച ഒരു കിലോയ്ക്ക് 100 രൂപയ്ക്ക് അടുത്ത് മാത്രമായിരുന്നു വില. ഇപ്പോള്‍ കേരളത്തില്‍ വില്‍പ്പന നടത്തുന്ന ലോഡ് എത്തുന്നത് ഗുജറാത്തില്‍ നിന്നാണ്. ദൂരം വലിയ അളവില്‍ കൂടിയതാണ് വില ഇത്രയും വര്‍ദ്ധിക്കുന്നതിനുള്ള കാരണം. അതുപോലെ തന്നെ മണ്ഡലകാലമായതിനാല്‍ പച്ചക്കറിക്ക് ആവശ്യക്കാര്‍ കൂടിയതും വില വര്‍ദ്ധിക്കുന്നതിന് മറ്റൊരു കാരണമായി. വെള്ളരി വില തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ 100 രൂപ കടന്നു. ഹോള്‍സെയില്‍ വിലയും തൊണ്ണൂറിലെത്തി. കോട്ടയത്തും മഞ്ചേരിയിലും തൃശ്ശൂരിലും നാടന്‍ വെള്ളരി കിട്ടാനുളളതിനാല്‍ ഇവിടങ്ങളില്‍ വില അല്‍പ്പം കുറവാണ്.

മണ്ഡലകാല സീസണില്‍ പച്ചക്കറിക്ക് വില വര്‍ദ്ധിക്കുന്നത് കേരളത്തില്‍ കാലങ്ങളായുള്ള പതിവാണ്. എന്നാല്‍ ഇതിനോടൊപ്പം അയല്‍സംസ്ഥാനങ്ങളിലുണ്ടായ വ്യാപകമായ കൃഷിനാശവും പ്രതികൂല കാലാവസ്ഥയും മലയാളിക്ക് കൂടുതല്‍ തിരിച്ചടിയായെന്നാണ് വിപണി വിലയിരുത്തുന്ന വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.