വീണ്ടും ചോദ്യ ചിഹ്നമായി ഉദ്യോഗമണ്ഡൽ ടാക്കീസ്
കളമശേരി: ഏലൂർ നഗരസഭയിലെ സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരുന്ന ഉദ്യോഗമണ്ഡൽ സിനിമാ ടാക്കീസ് നവീകരണ പ്രവർത്തനം നിലച്ചു. സാങ്കേതിക കാരണങ്ങളാൽ കരാറുകാരൻ പിൻവാങ്ങിയതാണ് കാരണo.
2004 ൽ തിരശീല വീണ ഫാക്ടിന്റെ വെള്ളിത്തിരയിൽ വീണ്ടും ദൃശ്യ വിസ്മയങ്ങൾ തീർക്കാനൊരുങ്ങി 2022 ൽ പുതിയ ടെൻഡർ ക്ഷണിക്കുകയായിരുന്നു. ഷൊർണൂരിലെ അനുരാഗ് തീയേറ്റർ ഗ്രൂപ്പാണ് ടെൻഡർ വിളിച്ചത്. പ്രതിമാസ വാടകയും നൽകിയിരുന്നു. ആധുനിക സൗകര്യങ്ങളോടെ 300 സീറ്റുകളുള്ള മൾട്ടിപ്ലക്സ് തീയറ്ററായി പുനരാരംഭിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും പിന്നീട് മന്ദഗതിയിലായി. ഇതിനിടയിൽ ദുൽഖർ സൽമാന്റെ ' കൊത്ത" എന്ന സിനിമയുടെ ചിത്രീകരണവും ഇവിടെ നടന്നിരുന്നു.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത നൃത്തമാടിയ വേദിയാണ്. ജയലളിതയ്ക്ക് അന്ന് പ്രായം 17. തിരുവിതാംകൂർ സഹോദരിമാരായ ലളിത, രാഗിണി, പത്മിനി, ശങ്കരാഭരണം നായിക മഞ്ജു ഭാർഗവി, പത്മാ സുബ്രമണ്യം, സോനൽമാൻ സിംഗ് തുടങ്ങിയവരും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഫാക്ട് ലളിത കലാ കേന്ദ്രത്തിന്റെ പ്രതിമാസ പരിപാടികൾ നടന്നിരുന്നതും ഇവിടെയാണ്.
പ്രവർത്തനം നിർത്തിയപ്പോൾ ഏറെക്കാലം വളം ചാക്കുകൾ സൂക്ഷിക്കുന്ന ഗോഡൗണായും തീയേറ്റർ മാറിയിരുന്നു.
മഞ്ഞുമ്മൽ ആരാധന, സംഗീത, പാതാളം ഗീത ഉൾപ്പെടെ നാലു സിനിമാ ടാക്കീസുകൾ പ്രവർത്തിച്ചിരുന്ന ഏലൂരിൽ രണ്ടു പതിറ്റാണ്ടായി തീയറ്ററുകളില്ല.