കൈക്കൂലിക്കെതിരെ സന്ധിയില്ലാ പോരാട്ടം, അഴിയെണ്ണി 77 പേർ, അരയും തലയും മുറുക്കി വിജിലൻസ്

Tuesday 02 December 2025 1:02 AM IST
പി.എം. വിൽസൺ

 ഇന്നലെ പിടിയിലായത് എക്സിക്യുട്ടീവ് എൻജിനിയർ

കൊച്ചി: 335 ദിവസം. അകത്താക്കിയത് ഇടനിലക്കാരടക്കം 77 സർക്കാർ ഉദ്യോഗസ്ഥരെ. കൈക്കൂലിക്കാരെ പൂട്ടാൻ വിജിലൻസ് കളം നിറഞ്ഞപ്പോഴാണ് പണക്കൊതിയന്മാർ ഇരുമ്പഴി എണ്ണിയത്. റവന്യൂ വകുപ്പിലാണ് ഏറ്റവും അധികം കേസുകൾ. 19 എണ്ണം. തദ്ദേശവകുപ്പ് -10, പൊലീസ് -6, വിദ്യാഭ്യാസ വകുപ്പ് -3, കെ.എസ്.ഇ.ബി -3, മറ്റു വകുപ്പുകൾ -12 എന്നിങ്ങനെയാണ് കേസുകൾ. ഇന്നലത്തെ അറസ്റ്റോടെ നാല് പ്രവൃത്തി ദിവസങ്ങളിൽ കൈക്കൂലിക്കാരെ തുടർച്ചയായി പിടികൂടിയെന്ന ചരിത്രവും വിജിലൻസ് കുറിച്ചു.

ഇടമലയാർ ജലസേചന പദ്ധതിയുടെ കോൺട്രാക്ട് ജോലികൾ ചെയ്യുന്നതിനുള്ള സി ക്ലാസ് കോൺട്രാക്ടർ ലൈസൻസ് അനുവദിക്കുന്നതിന് 15,​000 രൂപ കൈക്കൂലി വാങ്ങിയ അങ്കമാലി ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ ഒന്നിലെ എക്സിക്യുട്ടീവ് എൻജിനിയറായ അങ്കമാലി സ്വദേശി പി.എം. വിൽസനാണ് ഒടുവിൽ പിടിയിലായത്. അങ്കമാലി സ്വദേശിയുടെ പരാതിയിലാണ് നടപടി. എറണാകുളം വിജിലൻസ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ട്രാപ്പ് ഒരുക്കി പിടികൂടുകയായിരുന്നു.

കോൺട്രാക്ടർ ലൈസൻസിനായി പരാതിക്കാരൻ അപേക്ഷ നൽകിയിരുന്നു. ഇതിൽ നടപടി ഉണ്ടാകാതിരുന്നതിനെ തുടർന്ന് ഓഫീസിലെത്തി വിൽസണെ നേരിൽ കണ്ടപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടത്. അങ്കമാലി സ്വദേശി ഈ വിവരം വിജിലൻസിനെ അറിയിച്ചു. വിജിലൻസിന്റെ നിർദ്ദേശപ്രകാരം ഇന്നലെ ഓഫീസിലെത്തിയ വിൽസണിൽ നിന്ന് കൈക്കൂലിപ്പണം കൈപ്പറ്റുന്നതിനിടെ മറഞ്ഞിരുന്ന ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

 തുടർച്ചയായ മറ്റ് മൂന്ന് അറസ്റ്റുകൾ • ഭൂമി തരം മാറ്റുന്നതിനായി 50,000 രൂപ കൈക്കൂലി വാങ്ങിയ ഒളവണ്ണ വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസർ കെ.ആർ. ഉല്ലാസ് മോൻ.

• പോക്കുവരവ് ചെയ്ത് കരം തീർപ്പാക്കുന്നതിനായി 5,000 രൂപ കൈക്കൂലി വാങ്ങിയ വേങ്ങൂർ വെസ്റ്റ് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് എം. ജിബി മാത്യു.

• ക്ഷേത്രത്തിൽ നടത്തിയ പൂജകൾക്ക് 5,000 രൂപ കൈക്കൂലി വാങ്ങിയ ആലപ്പുഴ മാന്നാർ കുട്ടംപേരൂർകുന്നത്തൂർ ശ്രീ ദുർഗാ ദേവി ക്ഷേത്രത്തിലെ റിസീവർ ശ്രീനിവാസൻ.