ഗൗതം ഗംഭീറിന്റെ മുഖത്ത് നോക്കാതെ കൊഹ്ലി, രോഹിത്തിനോടും പരിശീലകന് പ്രശ്‌നം? കടുത്ത അതൃപ്തിയില്‍ ബിസിസിഐ

Monday 01 December 2025 8:35 PM IST

മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കടുത്ത പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറുമായി സീനിയര്‍ താരങ്ങളും മുന്‍ നായകന്‍മാരുമായ രോഹിത് ശര്‍മ്മയ്ക്കും വിരാട് കൊഹ്ലിക്കും അത്ര നല്ല ബന്ധമല്ല നിലവിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ബിസിസിഐക്ക് കടുത്ത അതൃപ്തിയുണ്ട്. വിരാട് കൊഹ്ലിയും ഗൗതം ഗംഭീറും കടുത്ത വിയോജിപ്പിന്റെ പാതയിലാണ്. സമാനമാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും രോഹിത് ശര്‍മ്മയും തമ്മിലുള്ള ബന്ധവും എന്നാണ് ദേശീയ മാദ്ധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനുകളിലും മത്സരങ്ങള്‍ക്കിടയിലും രണ്ട് സീനിയര്‍ താരങ്ങള്‍ക്ക് പരിശീലകനുമായി അടുത്തിടപഴകാന്‍ പോലും താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. റാഞ്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടി കളിയിലെ താരമായ കൊഹ്ലി മത്സരത്തിന് ശേഷം ഡ്രസിംഗ് റൂമിലൂടെ നടക്കുമ്പോള്‍ സമീപത്ത് ഗൗതം ഗംഭീര്‍ നില്‍പ്പുണ്ടായിരുന്നെങ്കിലും മൈന്‍ഡ് ചെയ്യാതെയാണ് കൊഹ്ലി കടന്ന് പോകുന്നത്. രോഹിത് ശര്‍മ്മയും ഗംഭീറും തമ്മില്‍ ഗൗരവത്തോടെയുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

2027ലെ ലോകകപ്പില്‍ രോ-കോ സഖ്യം കളിക്കുമോ എന്നതാണ് പ്രധാന ചര്‍ച്ച. അവസാനമായി ഇന്ത്യ വിജയിച്ച രണ്ട് ഏകദിന മത്സരങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ വിരാട് കൊഹ്ലിയും രോഹിത് ശര്‍മ്മയും ഓരോ സെഞ്ച്വറിയും ഓരോ അര്‍ദ്ധ സെഞ്ച്വറിയും വീതം നേടി. പ്രായം 38 പിന്നിട്ട രോഹിത്തും 37 പിന്നിട്ട വിരാട് കൊഹ്ലിയും തന്നെയാണ് ഇപ്പോഴും ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ല്. ഇരുവരുടേയും അടുത്തെങ്ങുമെത്തുന്ന ബാറ്റിംഗ് പ്രകടനം ഒരു യുവതാരത്തില്‍ നിന്നും ഉണ്ടാകുന്നില്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഭാവി മുന്നില്‍ക്കണ്ട് രണ്ട് സീനിയര്‍ താരങ്ങളേയും വിരമിപ്പിക്കാനും യുവ നിരയെ വളര്‍ത്തിയെടുക്കാനുള്ള ഗംഭീറിന്റെ പദ്ധതികളുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് കരുതപ്പെടുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം മൂവരുമായി ബിസിസിഐ ഭരണകര്‍ത്താക്കള്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം. അതേസമയം ഏകദിന ടീമിന്റെ പുതിയ നായകന്‍ ശുബ്മാന്‍ ഗില്ലിന് രോ-കോ സഖ്യം ടീമിലുണ്ടാകണമെന്ന ആഗ്രഹമാണുള്ളത്. എന്തായാലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്.