പേരിലെ കൗതുകം; ശ്രദ്ധേയരായി സ്ഥാനാർത്ഥികൾ
കോലഞ്ചേരി: 'ഒരു പേരിലെന്തിരിക്കുന്നു" എന്ന് പറയാറുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് ചില പേരുകൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അപൂർവമായ പേരുകളുള്ള സ്ഥാനാർത്ഥികൾ പറയുന്നു. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ വിവിധ വാർഡുകളിൽ ഇത്തരത്തിൽ ശ്രദ്ധേയരായ സ്ഥാനാർത്ഥികളുണ്ട്.
കിഴക്കമ്പലം പഞ്ചായത്തിലെ മാക്കിനീക്കര മൂന്നാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി മെയ് മോൾ അത്തരത്തിലൊരു വ്യത്യസ്ത പേരിന് ഉടമയാണ്. ചേലക്കുളം ആറാം വാർഡിലെ കെ.എൻ. പ്രതിമയും പേരിലെ പുതുമകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ട്വന്റി 20യുടെ സ്ഥാനാർത്ഥിയാണ് പ്രതിമ. പുത്തൻകുരിശ് പഞ്ചായത്തിലെ കാണിനാട് വാർഡിലാണ് സുമിത കൗർ മത്സരിക്കുന്നത്. ഒരു ഹിന്ദി ടച്ച് തോന്നിക്കുമെങ്കിലും ആൾ തനി മലയാളിയാണ്.
ജില്ലാ പഞ്ചായത്ത് പുത്തൻകുരിശ് ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജൂബിളും വ്യത്യസ്ത പേര് കൊണ്ട് ശ്രദ്ധേയനാണ്. ആഘോഷങ്ങളെയോ ഉത്സവങ്ങളെയോ വിവരിക്കാൻ ഉപയോഗിക്കുന്ന ജൂബിലിയിൽ നിന്നുമാണ് ജൂബിൾ എന്ന് പേര് ലോപിച്ചതത്രെ.