ജാമ്യമില്ല, രാഹുൽ ഈശ്വർ ജയിലിൽ, 15വരെ റിമാൻഡിൽ

Tuesday 02 December 2025 1:52 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ പീഡന പരാതി നൽകിയ യുവതിയെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. 15വരെ റിമാൻഡ് ചെയ്തു. പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി. ജാമ്യം നൽകിയാൽ അന്വേഷണത്തെ തടസപ്പെടുത്തുമെന്നും ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് അഡി. ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് എൽസ കാതറിൻ ജോർജിന്റെ ഉത്തരവ്. വീഡിയോകൾ പരിശോധിച്ച ശേഷമായിരുന്നു ഉത്തരവ്.

പരാതിക്കാരിക്കെതിരെ ലൈംഗികച്ചുവയുളള പരാമർശങ്ങൾ നിരന്തരം സമൂഹ മാദ്ധ്യമങ്ങളിലൂടെ നടത്തിയെന്നും പരാതിക്കാരിയെ ഭയചകിതയാക്കിയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പരാതിക്കാരിയുടെ ചിത്രം രാഹുലിന്റെ ലാപ്‌ടോപ്പിലുണ്ടെന്നും സ്ഥിരമായി ഇത്തരം കാര്യങ്ങൾ ചെയ്യുന്നയാളാണെന്നും പൊലീസ് അറിയിച്ചു. ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ,​ ജാമ്യം ലഭിക്കുന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത ശേഷം ജാമ്യമില്ലാ വകുപ്പുകൾ കൂട്ടിച്ചേർത്തതായി പ്രതിഭാഗം വാദിച്ചു.

ജയിലിൽ നിരാഹാരം: രാഹുൽ

പച്ചക്കള്ളം പറഞ്ഞാണ് പൊലീസ് കുടുക്കിയതെന്ന് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോൾ രാഹുൽ ഈശ്വർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജയിലിൽ നിരാഹാര സത്യഗ്രഹമിരിക്കുമെന്നും അറിയിച്ചു.