മുൻകൂർ ജാമ്യം തേടി സന്ദീപ് വാര്യർ

Tuesday 02 December 2025 1:23 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പരാതി നൽകിയ യുവതിയെ സമൂഹമാദ്ധ്യമത്തിൽ അധിക്ഷേപിച്ച കേസിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ മുൻകൂർ ജാമ്യം തേടി. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യ ഹർജി നൽകിയത്. പൊതു പ്രവർത്തകനായ താൻ കേസിൽ നിരപരാധിയാണെന്നാണ് സന്ദീപിന്റെ വാദം. അതിജീവിതയുടെ ഭർത്താവുമായി സൗഹൃദം ഉണ്ടായിരുന്നു. വിവാഹം നടന്ന കാലയളവിൽ ഇരുവരെയും അഭിനന്ദിച്ചു കൊണ്ടുളള ഫോട്ടോ തന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ ഇട്ടിരുന്നു. യുവതി പീഡന പരാതി നൽകിയപ്പോൾ ഈ കേസിലെ ചില പ്രതികൾ അടക്കം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് ഫോട്ടോയുടെ സ്‌ക്രീൻ ഷോട്ട് എടുത്ത് ദുരുപയോഗം ചെയ്യുന്നത് അറിഞ്ഞ ഉടൻ ഫോട്ടോ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തു. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ഒളിവിൽ പോവില്ലെന്നും ഹർജിയിലുണ്ട്.