നവംബര്‍ 30 വരെ എത്തിയത് 13 ലക്ഷം പേര്‍; ശബരിമലയിലെ വരുമാനത്തില്‍ വര്‍ദ്ധനവ്

Monday 01 December 2025 9:25 PM IST

പത്തനംതിട്ട: മണ്ഡല - മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിച്ച ആദ്യ ദിവസങ്ങളിലെ തിരക്കില്‍ ദേവസ്വം ബോര്‍ഡിന് മികച്ച വരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 33.33 ശതമാനം വര്‍ദ്ധനവാണ് വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. നവംബര്‍ 30 വരെയുള്ള ആദ്യ 15 ദിവസങ്ങളില്‍ 13 ലക്ഷം ഭക്തന്‍മാരാണ് മല ചവിട്ടിയത്. 92 കോടി രൂപയുടെ ആകെ വരുമാനമാണ് ഇക്കാലയളവില്‍ ശബരിമലയില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 69 കോടിയായിരുന്നു ആകെ വരുമാനം.

ഉയര്‍ന്ന വരുമാനത്തില്‍ നല്ലൊരു പങ്കും അരവണ വില്‍പ്പനയില്‍ നിന്നാണ് ലഭിച്ചിരിക്കുന്നത്. 47 കോടി രൂപയാണ് അരവണ വില്‍പ്പനയില്‍ നിന്ന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ആദ്യ 15 ദിവസങ്ങളില്‍ അരവണ വില്‍പ്പനയില്‍ നിന്ന് ലഭിച്ചതാകട്ടെ 32 കോടി രൂപയായിരുന്നു. അതായത് ഈ ഇനത്തില്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ച അധിക വരുമാനം 15 കോടി രൂപയാണ് (46.86 ശതമാനം വര്‍ദ്ധനവ്).

അപ്പം വില്‍പ്പനയില്‍ നിന്ന് ഇതുവരെ 3.5 കോടി രൂപ ലഭിച്ചു.കഴിഞ്ഞ വര്‍ഷവും ഏകദേശം ഇതേ തുക തന്നെയാണ് ലഭിച്ചത്. കാണിക്കയില്‍ നിന്നുള്ള വരുമാനം ഈ സീസണില്‍ നാല് കോടിയോളം രൂപ വര്‍ദ്ധിച്ച് 26 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 22 കോടി ആയിരുന്നു. 18.18 ശതമാനം വര്‍ദ്ധനവാണ് കാണിക്ക വരുമാനത്തില്‍ നിന്ന് മാത്രം ദേവസ്വം ബോര്‍ഡിന് ശബരിമലയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.