കൊയിലാണ്ടിയിൽ പൊടി പാറും പോര്

Tuesday 02 December 2025 12:15 AM IST
കൊയിലാണ്ടി

കൊയിലാണ്ടി: മുനിസിപ്പാലിറ്റിയായതു മുതൽ ഇടതുപക്ഷം മാത്രം വിജയിച്ച ചരിത്രമാണ് കൊയിലാണ്ടിയ്ക്കുള്ളത്. കഴിഞ്ഞ തവണ 44 വാർഡിൽ 25 സീറ്റും എൽ.ഡി.എഫ് നേടി അധികാരത്തിലേറിയപ്പോൾ 16 സീറ്റുമായി യു.ഡി.എഫിന് തൃപ്തിപ്പെടേണ്ടി വന്നു. സി.പി.എം 24 സീറ്റ് നേടിയപ്പോൾ ഒരു സീറ്റ് സി.പിഐക്കായിരുന്നു. യു.ഡി.എഫിൽ കോൺഗ്രസ് 10 സീറ്റിലും മുസ്ലിംലീഗിന് ആറ് സീറ്റിലുമായിരുന്നു ജയം. കടലോര മേഖലയിൽ നേടിയ മൂന്ന് സീറ്റുകളാണ് ബി.ജെ.പിയുടെ സമ്പാദ്യം. ഇത്തവണ 27, 28 വാർഡുകൾ സി.പി.എം വിട്ട മുൻ ഏരിയാ സെക്രട്ടറി എൻ.വി ബാലകൃഷ്ണൻ രക്ഷാധികാരിയായ മാനവീയത്തിന് വിട്ട് കൊടുത്ത് ഇടതുകോട്ട തകർക്കാൻ ഉറച്ചിരിക്കുകയാണ് യു.ഡിഎഫ്. 30 വർഷത്തിന് ശേഷം പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളയാൾ മുനിസിപ്പൽ അദ്ധ്യക്ഷ പദവിയിലേക്ക് വരും എന്ന പ്രത്യേകത കൂടി ഇത്തവണ കൊയിലാണ്ടിക്കുണ്ട്.

 പൊളിയുമോ ചുവന്ന കോട്ട

അരിവാൾ ചുറ്റിക നക്ഷത്രത്തിൽ ആര് നിന്നാലും ജയിക്കുന്ന നിരവധി 'പാർട്ടി ഗ്രാമങ്ങൾ' കൊയിലാണ്ടിയിലുണ്ട്. പുളിയഞ്ചേരി, പന്തലായനി, നടേരി, അണേല മേഖലകളിൽ ഇടത് ആധിപത്യം തുടർന്നാൽ യു.ഡി.എഫിന്റെ സ്വപ്നം ഇത്തവണയും പൊലിയും. എന്നാൽ ഈ മേഖലയിൽ നിലവിലുള്ളതിനേക്കാൾ സീറ്റ് വർദ്ധിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

 കരുതലോടെ കോൺഗ്രസ്

കോൺഗ്രസിന്റെ ശക്തികേന്ദ്രമായ കൊയിലാണ്ടി മണ്ഡലം പിടിക്കണമെങ്കിൽ നഗരസഭ ഭരിക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തിന് നന്നായറിയാം. നിലവിലെ വാർഡുകൾ നിലനിർത്തി പത്തോളം വാർഡുകളിൽ അധികം ജയിക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം. എന്നാൽ അതിന് കോൺഗ്രസ് 15 സീറ്റുകളെങ്കിലും നേടേണ്ടി വരുമെന്നതാണ് പ്രധാന വെല്ലുവിളി.

 കിഴക്കൻ മേഖല

ലക്ഷ്യമാക്കി ബി.ജെ.പി

കൊയിലാണ്ടിയെ സംബന്ധിച്ചിടത്തോളം കടലോര പാർട്ടിയെന്ന ചീത്തപ്പേര് മാറ്റാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. നിലവിൽ പാർട്ടി ജയിച്ച മൂന്ന് വാർഡുകളും തീരദേശത്താണ്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ പത്തോളം വാർഡുകൾ പിടിക്കുകയെന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം.

' കഴിഞ്ഞ തവണത്തേക്കാൾ ആറ് സീറ്റ് ഇത്തവണ എൽ.ഡി.എഫ് അധികം നേടും. മുനിസിപ്പാലിറ്റിയുടെയും സംസ്ഥാന സർക്കാരിന്റെയും ജനക്ഷേമ നയങ്ങൾ വോട്ടായി മാറും""- കെ.ഷിജു, എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ

' ഭരണവിരുദ്ധ വികാരം ശക്തമാണ്. 30 വർഷത്തെ മുനിസിപ്പാലിറ്റി ഭരണത്തിനും 10 വർഷത്തെ സംസ്ഥാന ഭരണത്തിനുമെതിരായ ജനവികാരം ഉയരും. സിറ്റിംഗ് സീറ്റുകൾ നിലനിർത്തി ഭരിക്കാനാവശ്യമായ സീറ്റുകൾ പിടിച്ചെടുക്കും""- കെ.പി വിനോദൻ, യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ

' കേന്ദ്രസർക്കാർ വികസനമല്ലാതെ കൊയിലാണ്ടിയിൽ ഒന്നും ചെയ്യാൻ മുനിസിപ്പാലിറ്റിയ്ക്ക് സാധിച്ചിട്ടില്ല. 30 വാർഡുകളിൽ ബി.ജെ.പി ശക്തമായ മത്സരമാണ് നടത്തുന്നത്. എൻ.ഡി.എ നിർണായക ശക്തിയായി മാറും"" - കെ.വൈശാഖ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ്.