വ്രതം നോറ്റ് ഗുരുവായൂരപ്പനെ തൊഴാൻ പതിനായിരങ്ങൾ

Tuesday 02 December 2025 12:00 AM IST
പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് നടന്ന എഴുന്നള്ളിപ്പ്‌

ഗുരുവായൂർ: ഏകാദശി വ്രതം നോറ്റ് പതിനായിരങ്ങൾ ഗുരുവായൂരിലെത്തി. രാവിലെ നടന്ന കാഴ്ചശീവേലിക്ക് കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലമേറ്റി. 6.30ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് നടത്തിയ എഴുന്നള്ളിപ്പിൽ കൊമ്പൻ ശ്രീധരൻ കോലമേറ്റി.

സന്ധ്യക്ക് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂരിലേക്ക് രഥമെഴുന്നള്ളിപ്പും നടന്നു. ഞായറാഴ്ച രാത്രി മുതൽ ക്ഷേത്രദർശനത്തിന് വലിയ തിരക്കായിരുന്നു. രാവിലെ 5 മുതൽ വൈകിട്ട് 5 വരെ വരിയിൽ നിൽക്കുന്ന ഭക്തർക്കും വി.ഐ.പി ഉൾപ്പെടെയുള്ളവർക്ക് വൈകിട്ട് 5ന് ശേഷവുമായിരുന്നു ദർശനം. വ്രതം നോറ്റവർക്ക് അന്നലക്ഷ്മി ഹാളിലും ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും പ്രസാദ ഊട്ടും നടത്തി.

35,000ൽ അധികം ഭക്തർ പ്രസാദഊട്ടിൽ പങ്കെടുത്തു. ദശമി ദിവസമായ ഞായറാഴ്ച പുലർച്ചെ 3ന് തുറന്ന ക്ഷേത്രനട ദ്വാദശി പണ സമർപ്പണത്തിന് ശേഷം ഇന്ന് രാവിലെ 9നെ അടയ്ക്കൂ. തുടർന്ന് ശുദ്ധി ചടങ്ങുകൾ പൂർത്തിയാക്കി വൈകിട്ട് 3.30ന് ക്ഷേത്രം നട തുറക്കും. നാളെ ത്രയോദശി ചടങ്ങോടെ ഏകാദശി ആഘോഷങ്ങൾ സമാപിക്കും.