5000 കടന്ന് എലിപ്പനി ബാധിതർ; മരണം 356
തിരുവനന്തപുരം : സംസ്ഥാനത്ത് ആശങ്കയായി എലിപ്പനി പടരുന്നു. 11മാസത്തിനിടെ രോഗികൾ 5000 കടന്നു. 356 പേർ മരണപ്പെട്ടു.സർക്കാർ ആശുപത്രികളിലെ കണക്കാണിത്. എലിപ്പനിക്ക് ഫലപ്രദമായ മരുന്നും ചികിത്സയും ലഭ്യമായിട്ടും രോഗബാധിതരുടെ എണ്ണം കൂടുന്നതും മരണങ്ങളും ആശങ്കയുണ്ടാക്കുന്നു.
സംസ്ഥാനത്ത് പ്രതിമാസം ശരാശരി 32 പേർ എലിപ്പനി ബാധിച്ച് മരിക്കുന്നു. ഈ വർഷം മരിച്ച 356ൽ 207പേർക്ക് മരണത്തിന് മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. 149 പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയായിരുന്നു.പകർച്ചപ്പനിക്ക് സമാനമായ ലക്ഷങ്ങളുള്ളതിനാൽ തുടക്കത്തിൽ ഭൂരിഭാഗം പേരും നിസാരമായി കാണും. ഗുരുതരമാകുമ്പോഴാണ് ആശുപത്രികളിലെത്തുന്നത്. മൂന്നു ദിവസത്തിൽ കുറയാത്ത പനിയും അനുബന്ധ പ്രശ്നങ്ങളുമുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തണം.
മണ്ണിലും എലി, പൂച്ച, നായ, കന്നുകാലികൾ എന്നിവയുടെ മൂത്രത്തിലുമുള്ള ലപ്റ്റോ സ്പൈറോ ബാക്ടീരിയകളാണ് എലിപ്പനിക്ക് കാരണം. ശക്തമായ
തലവേദനയോടും, ശരീരവേദനയോടും കൂടിയ പനിയാണ് പ്രധാന ലക്ഷണം. കഠിനമായ ക്ഷീണം, പേശി വേദന, നടുവേദന, വയറിളക്കം എന്നിവയും ലക്ഷണങ്ങൾ. പ്രാരംഭഘട്ടത്തിൽ ചികിത്സിച്ചാൽ പൂർണമായും രോഗമുക്തി നേടാം.മലിനവെള്ളവുമായോ വൃത്തിഹീനമായ സാഹചര്യങ്ങളിലോ ഇടപഴകാത്ത കിടപ്പുരോഗികൾക്കും 11മാസത്തിനിടെ എലിപ്പനി ബാധിച്ചു. മരണങ്ങളും റിപ്പോർട്ട് ചെയ്തു.
രക്ഷയ്ക്ക്
മാർഗമുണ്ട്
മലിനജലത്തിൽ ഇറങ്ങുന്നവരടക്കം ആഴ്ചയിലൊരിക്കൽ ഡോക്സി സൈക്ലിൻ ഗുളിക ഡോക്ടറുടെ നിർദ്ദേശത്തിൽ കഴിക്കണം.
ജീവിതശൈലീ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർക്കും ഡോക്സിസൈക്ലിൻ കഴിക്കാം.
മലിനജലത്തിൽ ഇറങ്ങുന്നവരും വൃത്തിഹീനമായ സാഹചര്യത്തിൽ ജോലി നോക്കുന്നവരും ഷൂസും കൈയുറയും ധരിച്ചാൽ എലിപ്പനി പ്രതിരോധിക്കാം.
നനഞ്ഞ മണ്ണിൽ ചെരുപ്പിടാതെ നടക്കരുത്. കാലിലെ വിണ്ടുകീറലുകൾ, ചെറിയ മുറിവുകൾ എന്നിവയിലൂടെയാണ് രോഗാണു ശരീരത്തിലെത്തുന്നത്.
'പൂർണമായി പ്രതിരോധിക്കാവുന്ന എലിപ്പനി ബാധിച്ചുള്ള മരണങ്ങൾ വർദ്ധിക്കുന്നത് തടയാനാകണം.'
-ഡോ.എ.അൽത്താഫ്
കമ്മ്യൂണിറ്റി മെഡിസിൻ,
തിരു. മെഡി.കോളേജ്.