മസാല ബോണ്ടിൽ നിയമലംഘനം; മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ്

Tuesday 02 December 2025 12:00 AM IST

തോമസ് ഐസക്കിനും കെ.എം. എബ്രഹാമിനും നോട്ടീസ്  ഹാജരാകേണ്ട, വിശദീകരണം നൽകണം

കൊച്ചി: മസാല ബോണ്ട് വഴി വിദേശത്തുനിന്ന് സമാഹരിച്ച തുക കിഫ്ബി സ്ഥലം വാങ്ങാൻ വിനിയോഗിച്ചത് വിദേശ നാണയ വിനിമയച്ചട്ടത്തിന്റെയും (ഫെമ ) റിസർവ് ബാങ്ക് നിർദ്ദേശങ്ങളുടെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇ.ഡി ഓഫീസിൽ ഹാജരാകേണ്ട, കിഫ്ബി ഉദ്യോഗസ്ഥരോ അഭിഭാഷകരോ വഴി വിശദീകരണം നൽകിയാൽ മതിയാവും.

2019ൽ സമാഹരിച്ച 2,672.80 കോടി രൂപയിൽ 466.91 കോടി ഭൂമി വാങ്ങാൻ ചെലവഴിച്ചിരുന്നു. സ്ഥലം വാങ്ങൽ പോലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന നിബന്ധനയുടെ ലംഘനമാണിത്.

മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക്, കിഫ്ബി സി.ഇ.ഒയും മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ.എം. എബ്രഹാം എന്നിവർക്കും നോട്ടീസുണ്ട്. മുഖ്യമന്ത്രിക്ക് കിഫ്ബി ചെയർപേഴ്സൺ എന്ന നിലയിലും തോമസ് ഐസക്കിന് വൈസ് ചെയർപേഴ്സൺ എന്ന നിലയിലുമാണ് നോട്ടീസ്.

ഡൽഹി ആസ്ഥാനത്ത് ഫെമ കേസുകൾ തീർപ്പുകൽപ്പിക്കുന്ന സ്‌പെഷ്യൽ ഡയറക്‌ടർ രജനീഷ് ദേവ് ബർമ്മനാണ് നോട്ടീസ് നൽകിയത്. വിശദീകരണം ലഭിച്ചശേഷം തുടർനടപടി തീരുമാനിക്കും. നവംബർ 12ന് നോട്ടീസ് അയച്ച വിവരം ഇന്നലെയാണ് പുറത്തുവന്നത്. 2015-16ൽ റിസർവ് ബാങ്ക് അഞ്ചാം നമ്പറായി നൽകിയ പ്രധാന മാർഗനിർദ്ദേശവും 2015 സെപ്തംബർ 29ന് 17-ാം നമ്പറായി നൽകിയ സർക്കുലറും പാലിച്ചില്ല. 2018 ജൂൺ ഒന്നിന് റിസർവ് ബാങ്ക് നൽകിയ മാർഗനിർദ്ദേശവും പാലിച്ചില്ലെന്ന് നോട്ടീസിൽ പറയുന്നു.

മസാല ബോണ്ട് 2019ൽ

ഇന്ത്യൻ രൂപ മുഖവിലയിൽ ഇന്ത്യയ്ക്ക് പുറത്ത് വിൽക്കുന്ന കടപ്പത്രമാണ് മസാല ബോണ്ട്. അന്താരാഷ്ട്രധനകാര്യ കോർപറേഷനാണ് ഇതിന് മസാല ബോണ്ട് എന്ന് പേരു നൽകിയത്.

#2019 ജനുവരി 17ന് കിഫ്ബി ഡയറക്‌ടർ ബോർഡ് യോഗമാണ് മസാല ബോണ്ട് വഴി ധനസമാഹരണത്തിന് തീരുമാനിച്ചത്.

2019 മാർച്ച് 26 ലണ്ടൻ സ്റ്റോക്ക് എക്‌സ്ചേഞ്ച്, സിംഗപ്പൂർ സ്റ്റോക്ക് എക്‌സ്ചേഞ്ച് എന്നിവ വഴി ബോണ്ട് ഇറക്കി. സർക്കാരാണ് ജാമ്യം നൽകിയത്.

# 2021ൽ ഇ.ഡി അന്വേഷണം ആരംഭിച്ചു. ഡോ. തോമസ് ഐസക്ക്, കെ.എം. എബ്രഹാം എന്നിവരുടെയും കിഫ്ബിയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തു. കഴിഞ്ഞ ജൂൺ 27നാണ് ഫെമ ലംഘനക്കേസ് ചുമത്തിയത്.

നിഷേധിച്ച് കിഫ്ബി

മസാലബോണ്ടിലൂടെ സമാഹരിച്ച തുകയിൽ നിന്ന് 466.19കോടിരൂപയ്ക്ക് ഭൂമിവാങ്ങിയെന്നതും ഇത് വ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്നുളളതും ശരിയല്ല. മസാലബോണ്ടിലൂടെ കിട്ടിയ 2150കോടിരൂപ 339 പദ്ധതികൾക്കായാണ് ചെലവാക്കിയത്.