അങ്കത്തിന് ആലിക്കുട്ടി ഏഴാം തവണയും
കുന്ദമംഗലം: മാപ്പിളപ്പാട്ട് ഗായകൻ സി.കെ.ആലിക്കുട്ടി ഇത്തവണയും അങ്കംവെട്ടാൻ തിരഞ്ഞെടുപ്പ് ഗോദയിൽ. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരം. ഏഴാംതവണയാണ് 59കാരനായ ആലിക്കുട്ടി പോരാട്ടത്തിന് ഇറങ്ങുന്നത്. കുന്ദമംഗലത്തെ ശക്തരായ നേതാക്കൾക്കെതിരെയാണ് മുമ്പും മത്സരിച്ചിരുന്നത്. സ്കൂട്ടറിൽ തനിച്ചാണ് പ്രചാരണം. തോണി, ഫുട്ബോൾ, കണ്ണട എന്നീ ചിഹ്നങ്ങളിൽ മത്സരിച്ച ആലിക്കുട്ടിയ്ക്ക് ഇത്തവണ ലഭിച്ചത് ടെലിവിഷൻ. ഏഴാം തവണ ഏഴാം വാർഡിൽ മത്സരിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ഏഴാം വാർഡ് സംവരണമായതിനാൽ അഞ്ചാം വാർഡ് തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ആലിക്കുട്ടി പറഞ്ഞു. പിതാവ് കാക്കാട്ട് ഇമ്പിച്ചക്കോയയും രണ്ട് തവണ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. ഇത്തവണ കെട്ടിവെക്കാനുള്ള പണം കൊടുത്തത് ഉമ്മ മറിയംഹജ്ജുമ്മയാണ്. 1985ൽ ദേശീയയുവജന പുരസ്കാരവും 2024ൽ ഫോക് ലോർ അവാർഡും നേടിയിട്ടുള്ള ആലിക്കുട്ടി മാപ്പിളകലാ അക്കാഡമിയുടെ ദേശീയ ജനറൽ സെക്രട്ടറി കൂടിയാണ്. മൈമൂനയാണ് ഭാര്യ. അഫ്മിഷ്, അമീർ,അജ്മൽ എന്നിവർ മക്കൾ.