പാലക്കാട്‌ റവന്യു ജില്ലാ കലോത്സവം: കുതിപ്പോടെ ആലത്തൂർ

Tuesday 02 December 2025 1:45 AM IST

ആലത്തൂർ: കൗമാര പ്രതിഭകളുടെ കലാമാമങ്കത്തിന് ആലത്തൂരിൽ തിരശീല ഉയർന്നപ്പോൾ 339 പോയിന്റുമായി കുതിച്ച് മുന്നേറി ആലത്തൂർ ഉപജില്ല. പിന്നാലെ 329 പോയിന്റ്റുമായി രണ്ടാം സ്ഥാനത്ത് തൃത്താലയും. 326 പോയിന്റ്റുമായി ആദ്യ ദിനം മുന്നിലുണ്ടായിരുന്ന മണ്ണാർക്കാട് ആണ് മൂന്നാം സ്ഥാനത്ത്. 320 പോയിന്റുമായി ഒറ്റപ്പാലം ഉപജില്ല ആണ് നാലാം സ്ഥാനത്ത്. ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് ആണ് സ്കൂളുകളിൽ മുന്നിൽ. എൻ.എൻ.യു.പി.എസ് കാറൽ മണ്ണയാണ് രണ്ടാമതും ജി.എച്ച്.എസ് വിളയൂർ മൂന്നാമതുമുണ്ട്. നേരത്തെ അസിസ്റ്റന്റ് ജില്ലാ കലക്ടർ രവി മീണ കലോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.എം.സലീനബീവി അദ്ധ്യക്ഷത വഹിച്ചു. സിനിമ പിന്നണി ഗായകൻ പ്രണവം ശശി മുഖ്യാതിഥിയായി. ജില്ലാ കലോത്സവ ലോഗോ, സ്വാഗതഗാനം, പരസ്യചിത്രം എന്നിവ തയ്യാറാക്കിയ കലാകാരന്മാരെ ആദരിച്ചു. ബിയാട്രിസ് മരിയ പി.എക്സ്, പി.നവീന, എ.കെ.നൗഷാദലി, കെ.അജില, ബി.സുനിൽകുമാർ, സി.എച്ച്.സുൽഫിക്കറലി, സി.രണദിവെ, സി.എച്ച്.ഗിരീഷ് ഗോപിനാഥ്, ഫിലമോൻ പി.വർഗ്ഗീസ്, കെ.എം.അബ്ദുൾ ഹക്കീം, പി.പി.മുഹമ്മദ്‌ കോയ, എം.ടി.ഷമീം, സ്വീകരണ കമ്മിറ്റി കൺവീനർ എ.ജെ.ശ്രീനി തുടങ്ങിയവർ സംസാരിച്ചു. അഞ്ചു ദിവസങ്ങളിലായി 7884 വിദ്യാർത്ഥികൾ പങ്കെടുക്കും.