മംഗലംകളിയിൽ ചുവടുറപ്പിച്ചു ചളവറ

Tuesday 02 December 2025 1:48 AM IST
മംഗലംകളിയിൽ ഒന്നാം സ്ഥാനം നേടിയ ചളവറ എച്ച്.എസ്.എസ്.

ആലത്തൂർ: വടക്കേ മലബാറിന്റെ ഗോത്ര കലാരൂപമായ മംഗലംകളി നെല്ലറയുടെ മണ്ണിൽ ചുവടു വെച്ചപ്പോൾ ചളവറ ഹയർസെക്കൻഡറി സ്‌കൂളിന് ഒന്നാം സ്ഥാനം. തുടർച്ചയായി രണ്ടാം തവണയാണ് സ്‌കൂളിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. കാസർകോട്, കണ്ണൂർ ജില്ലകളിലെ മാവിലർ, മലവേട്ടുവർ ആദിവാസി വിഭാഗങ്ങളുടെ ജീവിതത്തിൽ വിവാഹമെന്ന മംഗള കർമ്മത്തിന് 'മങ്ങലം' എന്ന് പറഞ്ഞ്, പാട്ടിലൂടെയും നൃത്തത്തിലൂടെയും അവർ അതിന് ഊർജ്ജം പകർന്നു. ഏഴ് പേരടങ്ങുന്ന ടീമാണ് പ്രാചീനതയുടെ മംഗലംകളി അരങ്ങേറിയത്. വിവാഹാഘോഷ ചടങ്ങുകളിൽ കാണുന്ന സവിശേഷതയാർന്ന ഒരു കലാരൂപമാണിത്. പാട്ടുകളെ മംഗലംപാട്ടുകൾ എന്നും നൃത്തത്തെ മംഗലംകളിയെന്നും വിളിക്കുന്നു.