വ്യാവസായിക ഉത്പാദനത്തിൽ തളർച്ച

Tuesday 02 December 2025 12:51 AM IST

കൊച്ചി: ഒക്ടോബറിൽ ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക(ഐ.ഐ.പി)പതിനാല് മാസത്തെ ഏറ്റവും താഴ്ന്ന തലമായ 0.4 ശതമാനത്തിലെത്തി. ദസറയും ദീപാവലിയും അടക്കമുള്ള ഉത്സവകാലത്ത് ഫാക്ടറികളുടെ പ്രവർത്തനം തടസപ്പെട്ടതാണ് വ്യാവസായിക മേഖലയിൽ തളർച്ച സൃഷ്‌ടിച്ചത്. സെപ്തംബറിൽ ഐ.ഐ.പിയിൽ നാല് ശതമാനം വളർച്ച നേടിയിരുന്നു. കേന്ദ്ര സർക്കാർ ഇന്നലെ പുറത്തുവിട്ട കണക്കുകളനുസരിച്ച് പശ്ചാത്തല വികസനം, നിർമ്മാണ സാമഗ്രികൾ എന്നീ മേഖലയിലെ ഉത്പാദന വർദ്ധന 7.1 ശതമാനമാണ്. കാപ്പിറ്റൽ ഗുഡ്‌സുകളുടെ ഉത്പാദനം 2.4 ശതമാനം ഉയർന്നു. പ്രാഥമിക ഉത്പന്നങ്ങളിൽ 0.6 ശതമാനവും കൺസ്യൂമർ ഡ്യൂറബിൾസിൽ 0.5 ശതമാനവും ഉത്പാദന ഇടിവുണ്ടായി. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ വ്യാവസായിക ഉത്പാദനത്തിൽ 2.7 ശതമാനം വർദ്ധനയുണ്ട്.