എസ്.ഐ.ആർ: ജനാധിപത്യ അവകാശ ലംഘനം- സി.പി.ഐ
കോഴിക്കോട്: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്കുള്ള (എസ്.ഐ.ആർ) സമയപരിധി ഒരാഴ്ച നീട്ടിയത് പോരെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയേറ്റംഗം അഡ്വ.കെ. പ്രകാശ്ബാബു പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ളബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി വരെയെങ്കിലും നീട്ടണം.
2002ന് പകരം ഏറ്റവുുമവസാനം നടന്ന തിരഞ്ഞെടുപ്പിലെ വോട്ടർപട്ടികയെ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന് പട്ടിക പുതുക്കിക്കൂടെ? ഇപ്പോഴത്തെ നിലയിൽ പട്ടികയിൽ പലരും ഉൾപ്പെടാതെ പോകുന്നത് ജനാധിപത്യ അവകാശ നിഷേധമാണ്. ഇന്ത്യയുടെ ചരിത്രത്തെ വളച്ചൊടിക്കുന്ന സമീപനവും കേന്ദ്രസർക്കാർ കെെക്കൊള്ളുന്നു. വിദ്യാഭ്യാസ പദ്ധതിയിൽ മാറ്റം വരുത്തുമ്പോൾ സംസ്ഥാനങ്ങളുമായി ആലോചിക്കണമെന്നുള്ളത് പാലിക്കുന്നില്ല.
ശബരിമല സ്വർണക്കൊള്ളയിൽ ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ എടുത്തിട്ടുണ്ട്. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നാണ് സി.പി.എം നിലപാട്. എസ്.ഐ.ടി അന്വേഷണം തൃപ്തികരമാണ്. വിദ്യാഭ്യാസ നയത്തിലുൾപ്പെടെ കേന്ദ്രത്തിന്റെ സമ്മർദ്ദം പല തരത്തിലുമുണ്ടെങ്കിലും കേരളം അതിന് വഴങ്ങില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡനക്കേസ് നടൻ മുകേഷിനെതിരെ ഉണ്ടായതിനെക്കാൾ ഗുരുതരമാണ്. ജീവനെ അപായപ്പെടുത്തുന്ന തരത്തിലേക്ക് അത് മാറി. അതേസമയം മുകേഷിനെതിരെയുള്ള ആരോപണത്തെ ലഘൂകരിക്കുന്നില്ല. സി.പി.ഐയും സി.പി.എമ്മും പഞ്ചായത്തുകളിൽ നേർക്കുനേർ മത്സരിക്കുന്നതിൽ അസ്വാഭാവികതയില്ല. അതേസമയം ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ, മുനിസിപ്പൽ തലങ്ങളിൽ അതില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.പി.ഗവാസും പങ്കെടുത്തു.