സ്വർണ കുതിപ്പ് തുടരുന്നു
Tuesday 02 December 2025 12:53 AM IST
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾ ഏറിയതോടെ സ്വർണ വില വീണ്ടും കുതിച്ചുയരുന്നു. റഷ്യയും ഉക്രെയിനുമായുള്ള ഭൗമ രാഷ്ട്രീയ സംഘർഷങ്ങളും അമേരിക്കൻ സാമ്പത്തിക മേഖലയിലെ പ്രതിസന്ധികളും കണക്കിലെടുത്ത് വൻകിട ഫണ്ടുകൾ സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് പണമൊഴുക്കുകയാണ്. ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില രണ്ട് മാസത്തിന് ശേഷം വീണ്ടും ഔൺസിന് 4,250 ഡോളറിലേക്ക് ഉയർന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതിനാൽ ഇന്ത്യയിൽ വില വർദ്ധനയുടെ തോത് കൂടുതലാണ്.
കേരളത്തിൽ ഇന്നലെ പവൻ വില 480 രൂപ ഉയർന്ന് 95,680 രൂപയിലെത്തി. ഗ്രാമിന്റെ വില 60 രൂപ വർദ്ധിച്ച് 11,960 രൂപയിലെത്തി, വെള്ളിയുടെ വിലയിലും കഴിഞ്ഞ ദിവസങ്ങളിൽ വൻ വർദ്ധനയാണ് ദൃശ്യമായത്. അഞ്ച് ദിവസത്തിനിടെ വെള്ളി വില കിലോഗ്രാമിന് 20,000 രൂപയാണ് കൂടിയത്.