ഉത്സവ ആലസ്യത്തിൽ സാമ്പത്തിക മേഖല
ദീപാവലിക്ക് ശേഷം ഉപഭോഗം കുറയുന്നു
കൊച്ചി: ഉത്സവ കാലയളവിലെ മികച്ച പ്രകടനത്തിന് ശേഷം രാജ്യത്തെ സാമ്പത്തിക മേഖലയിൽ നേരിയ തളർച്ച ദൃശ്യമാകുന്നു, ഉപഭോഗത്തിലെ തളർച്ചയിൽ യു.പി.ഐ ഇടപാടുകളിലും ചരക്കുസേവന നികുതി(ജി.എസ്.ടി) വരുമാനത്തിലും പ്രതീക്ഷിച്ച വളർച്ച നേടാനായില്ല. പുതിയ കണക്കുകളനുസരിച്ച് കഴിഞ്ഞ മാസം ജി.എസ്.ടി അറ്റ വരുമാനം 1.3 ശതമാനം ഉയർന്ന് 1.52 ലക്ഷം കോടി രൂപയിലെത്തി. ജി.എസ്.ടി നഷ്‌ട പരിഹാര സെസ് 69.06 ശതമാനം ഇടിഞ്ഞ് 4,006 കോടി രൂപയായി. മുൻവർഷം ഇതേ കാലയളവിൽ നഷ്‌ട പരിഹാര സെസ് ഇനത്തിൽ 13,000 കോടി രൂപയാണ് സമാഹരിച്ചത്. മൊത്തം ജി.എസ്.ടി വരുമാനം 0.7 ശതമാനം വളർച്ചയോടെ 1.72 ലക്ഷം കോടി രൂപയായി. ആഭ്യന്തര വ്യാപാര ഇടപാടുകളിൽ നിന്നുള്ള നികുതി വരുമാനം 2.3 ശതമാനം ഇടിഞ്ഞ് 1.24 ലക്ഷം കോടി രൂപയിലെത്തി. ഇറക്കുമതിയിൽ നിന്നുള്ള നികുതി വരുമാനം 10.2 ശതമാനം ഉയർന്നു.
സെപ്തംബറിൽ കേന്ദ്ര സർക്കാർ ജി.എസ്.ടി നിരക്കുകൾ ഗണ്യമായി കുറച്ചിട്ടും സർക്കാരിന്റെ നികുതി വരുമാനത്തെ കാര്യമായി ബാധിച്ചില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആഭ്യന്തര ഉപഭോഗത്തിലെ ഉണർവാണ് വരുമാന നഷ്‌ടം ഒഴിവാക്കിയത്.
യു.പി.ഐ ഇടപാടുകളിലും ഇടിവ്
യു.പി.ഐ ഇടപാടുകളിലും നവംബറിൽ നേരിയ ഇടിവുണ്ടായി. നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷന്റെ കണക്കുകളനുസരിച്ച് യു.പി.ഐ ഇടപാടുകൾ കഴിഞ്ഞ മാസം ഒരു ശതമാനം ഇടി.ഞ്ഞ് 2,047 കോടിയായി. ഇടപാടുകളുടെ മൂല്യം 3.5 ശതമാനം കുറഞ്ഞ് 26.32 ലക്ഷം കോടി രൂപയിലെത്തി. ഒക്ടോബറിൽ യു.പി.ഐ ഇടപാടുകളുടെ എണ്ണവും റെക്കാഡ് ഉയരത്തിലായിരുന്നു.